ഇൻ്റർലോക്ക് ചെയ്ത ചിറക്കൽ ചിറ-പഞ്ചായത്ത് റോഡ് ഉദ്ഘാടനം ചെയ്തു
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ഇന്റർലോക്ക് ചെയ്ത ചിറക്കൽ ചിറ-പഞ്ചായത്ത് റോഡ് കെ വി സുമേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചിറക്കൽ കോവിലകം വലിയ രാജ രാമവർമ്മ രാജ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് റോഡ് ഇൻ്റർലോക്ക് ചെയ്ത് മനോഹരമാക്കിയത്. ചിറക്കൽ ചിറ സമീപത്ത് നടന്ന പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ നവ്യ വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. 107 മീറ്റർ നീളമുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തിക്ക് 15.7 ലക്ഷം രൂപയാണ് അടങ്കൽ തുക. ചിറക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ നിന്ന് ആരംഭിച്ച് 107 മീറ്റർ നീളത്തിൽ 3.80 മീറ്റർ വീതിയിൽ ഇന്റർലോക്കും 101 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഡ്രൈനേജുമാണ് ചെയ്തിരിക്കുന്നത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വകുപ്പാണ് പദ്ധതിയുടെ നിർവഹണം നടത്തിയത്.
സമീപപ്രദേശത്തെ സ്കൂളുകളിലേക്ക് കുട്ടികൾക്ക് നടന്നുപോകാനും രണ്ടു വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാനും വലിയ പ്രയാസം നേരിട്ടിരുന്നു. ഇത് പരിഹരിച്ചുകൊണ്ട് കുട്ടികൾക്ക് നടപ്പാതയും രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സുഗമമായി കടന്നുപോകാനുള്ള സൗകര്യവും സ്ലാബുകളും കൃത്യമായ ഡ്രൈനേജ് സംവിധാനവും ഒരുക്കിയാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഒ ചന്ദ്രമോഹനൻ, വാർഡ് മെമ്പർമാരായ പിവി സീമ, കസ്തൂരിലത, നാരായണൻ, അനില, ചിറക്കൽ ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, കെ മോഹനൻ, കെ എം ഗിരീഷ്, എം അർജുൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments