Skip to main content
കോട്ടാങ്ങൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം

പൊതുജനങ്ങൾക്ക്  സേവനം വേഗത്തിൽ ലഭ്യമാക്കും: മന്ത്രി കെ രാജൻ 

പൊതുജനങ്ങൾക്ക്  സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് സ്മാർട്ട് വില്ലേജുകളുടെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കോട്ടാങ്ങൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ മനോഹരമായി പുനർ നിർമിക്കുകയാണ്. സംസ്ഥാനത്ത് 600ഓളം വില്ലേജുകൾ സ്മാർട്ടായി. 
അടിസ്ഥാന സൗകര്യത്തിലും പ്രവർത്തനത്തിലും മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി. .അതിവേഗവും സുതാര്യവുമായ റവന്യൂ നടപടിക്രമങ്ങളിലേക്ക് കടക്കാൻ  ഡിജിറ്റൽ റിസർവേ വഴിയൊരുക്കി. ഒമ്പത് വർഷത്തിൽ നാല് ലക്ഷത്തിലേറെ ഭൂഉടമകളെ സൃഷ്ടിച്ചു. നാലുവർഷമായി സംസ്ഥാനത്ത് 2, 23,000ൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. 

റാന്നി എം എൽ എ  പ്രമോദ് നാരായൺ അധ്യക്ഷനായി. കോട്ടാങ്ങലിൽ നിരവധി ജനകീയ പദ്ധതികൾ സാധ്യമാക്കാനായെന്ന്  എംഎൽഎ പറഞ്ഞു. റോഡ്, പാലം, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, സ്കൂളുകൾ,  ഉൾപ്പടെ സമസ്ത മേഖലയിലും വികസനം വന്നു. നോളജ് വില്ലേജ് മിഷന്റെ ഭാഗമായി സൗജന്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസോറി ടീച്ചിംഗ്, പിഎസ് സി പരിശീലനത്തിനുള്ള സൗകര്യം എന്നിവ സെപ്തംബറിൽ ആരംഭിക്കും. റാന്നിയിൽ ജനകീയ ജല സംരക്ഷണ പദ്ധതി ജൂലൈ 25ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടപ്പാക്കും. കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ ആശുപത്രി വൈകാതെ സാധ്യമാക്കുമെന്നും  എംഎൽഎ പറഞ്ഞു.

സംസ്ഥാന നിർമിതി കേന്ദ്രം റീജിയണൽ എഞ്ചിനിയർ എസ് ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു. 44 ലക്ഷം രൂപ വിനിയോഗിച്ച് 1290 ചതുരശ്ര അടിയിലാണ് ഓഫീസ് നിർമിച്ചത്. വരാന്ത, കാത്തിരിപ്പ് മുറി, റെക്കോഡ് മുറി, മീറ്റിംഗ് റൂം, ഡൈനിങ്ങ് ഹാൾ, പബ്ലിക് -സ്റ്റാഫ് ടോയ്‌ലറ്റ് തുടങ്ങിയവ  ഉൾപ്പെടുന്നു.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, എഡിഎം ബി ജ്യോതി,  ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു, വൈസ് പ്രസിഡന്റ് ആനി രാജു,
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് എം എ ജമീല ബീവി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date