Skip to main content
സ്നേഹ സ്പർശം' ഭിന്നശേഷി കലോത്സവം എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

കലയിലൂടൊരു 'സ്നേഹസ്പര്‍ശം'; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു 

ശാരീരിക വെല്ലുവിളികളെ അതിരുകളില്ലാത്ത സാധ്യതകളാക്കി പാട്ടുപാടിയും നൃത്തംചവിട്ടിയും അവര്‍ അരങ്ങിലെത്തിയപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടികളുയര്‍ന്നു. ആരും പരസ്പരം മത്സരിച്ചില്ല. എല്ലാവരും ഒന്നിച്ച് മുന്നേറി. ചിറക്കല്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹസ്പര്‍ശം' ഭിന്നശേഷി കലോത്സവത്തിലെ കാഴ്ചയായിരുന്നു ഇത്. ഫോക്‌ലോര്‍ അക്കാദമിയില്‍ നടന്ന കലോത്സവം കെ.വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിന്റെ സര്‍ഗശേഷിയെ വളര്‍ത്താനും ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടാന്‍ അവരെ പ്രാപ്തമാക്കാനും ലക്ഷ്യമിട്ടാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. അന്‍പതോളം ഭിന്നശേഷി കലാകാരന്മാര്‍ കലോത്സവത്തില്‍ പങ്കെടുത്തു. മുഴുവന്‍ കലാകാരന്മാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യത്യസ്ത കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് പൊതുവേദിയൊരുക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്താനും തുല്യനീതി ഉറപ്പാക്കാനുമാണ് കലോത്സവം സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ശശീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കെ മോളി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വത്സല, വാര്‍ഡ് അംഗങ്ങളായ കെ.വി സിന്ധു, കെ ലത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുനിത, എന്നിവര്‍ സംസാരിച്ചു.

date