പോളിടെക്നിക് കലോത്സവം: നെടുങ്കണ്ടം പോളിടെക്നിക് കോളേജിന് മിന്നുന്ന വിജയം
ജൂലായ് 10 മുതല്‍ 13 വരെ അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നടന്ന സംസ്ഥാന ഇന്റര്‍ പോളിടെക്നിക് കലോത്സവത്തില്‍ നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. 11 വിഭാഗങ്ങളിലായി 29 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 113 ഓളം പോളിടെക്നിക് കോളേജുകളില്‍ നിന്നും മുപ്പതാം സ്ഥാനം കരസ്ഥമാക്കാനും ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനം നേടാനും കോളേജിന് സാധിച്ചു.
ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ലളിതഗാനം, കവിത രചന, ഉപന്യാസ രചന,എന്നീ വിഭാഗങ്ങളില്‍ എ ഗ്രേഡും തിരുവാതിര, നാടന്‍ പാട്ട്, സംഘഗാനം, മൈം എന്നിവയില്‍ ബി ഗ്രേഡും മലയാളം പദ്യം ചൊല്ലല്‍, കഥാരചന സി ഗ്രേഡും ആണ് വിദ്യാര്‍ഥികള്‍ നേടിയത്. മലയോര മേഖലയിലെ യുവാക്കള്‍ക്ക് ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം നല്കി കാല് നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവുമായി രജത ജൂബിലി നിറവില്‍ നില്ക്കുന്ന കോളേജിന് ഈ നേട്ടം വിജയകിരീടത്തിലെ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ്. മികവുറ്റ വിജയം നേടിയെടുത്ത വിദ്യാര്‍ഥികള്‍ക്കായി അനുമോദന യോഗവും കോളേജില്‍ സംഘടിപ്പിച്ചു. വരുംവര്‍ഷങ്ങളില്‍ ഇതിലും മികച്ച വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.
സാങ്കേതിക രംഗത്തും അക്കാദമിക് രംഗത്തും മികവ് തെളിയിച്ച കോളേജ് ഇപ്പോള്‍ കലാരംഗത്തും മികവിന്റെ പാതയില്‍ മുന്നോട്ടു കുതിക്കുകയാണ്. ബോയ്സ് ഹോസ്റ്റല്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കോളേജിനെ റസിഡന്‍ഷ്യല്‍ പോളിടെക്നിക് ആക്കി മാറ്റാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവെന്നും, വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനും ശാസ്ത്ര സാങ്കേതിക പുരോഗതിക്കുമുള്ള എല്ലാ സംവിധാനങ്ങളും കോളേജില്‍ സജ്ജമാണെന്നും പ്രിന്‍സിപ്പാള്‍ ഡോ.അരുണ്‍ തോമസ് അറിയിച്ചു.
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകള്‍ ആണ് കോളേജിലുള്ളത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്.
- Log in to post comments