Skip to main content
കീഴത്തൂര്‍ പാലം

കീഴത്തൂര്‍ പാലം; നിര്‍മാണം അന്തിമ ഘട്ടത്തില്‍

വേങ്ങാട്, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായി പുതിയ കോണ്‍ക്രീറ്റ് പാലം വേണമെന്നത് പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. അഞ്ചരക്കണ്ടി പുഴയിലാണ് പാലം നിര്‍മിക്കുന്നത്. പാലത്തിനോടു ചേര്‍ന്ന് ബോട്ടു ജെട്ടി, അഞ്ചരക്കണ്ടി-മമ്പറം റോഡില്‍ നിന്ന് പുതിയ പാലത്തിലേക്കുള്ള സമാന്തര റോഡ് എന്നിവയുടെ നിര്‍മാണവും സിംഹഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. പേരാവൂര്‍ കെ.കെ ബില്‍ഡേഴ്സിനാണു നിര്‍മാണച്ചുമതല. കോണ്‍ക്രീറ്റ് പാലം യാഥാര്‍ഥ്യമാകുന്നതോടെ പെരളശ്ശേരി, വേങ്ങാട് ഗ്രാമപഞ്ചായത്തുകളുമായുള്ള യാത്രാദൂരവും സമയവും കുറയും. പെരളശ്ശേരി ഭാഗത്തുനിന്നു വരുന്നവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയും എളുപ്പമാകും. മമ്പറം ടൗണിലെ വാഹനത്തിരക്കും ഒരുപരിധി വരെ പരിഹരിക്കപ്പെടും.

2018-19 ബജറ്റ് പ്രകാരം 12.2 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചിട്ടുള്ളത്. 41.72 സെന്റ് സ്വകാര്യഭൂമിയില്‍ 205.45 മീറ്റര്‍ നീളം, 10.40 മീറ്റര്‍ വീതി, 1.20 മീറ്റര്‍ ഇരുഭാഗത്തും ഫൂട്ട്പാത്ത് എന്നിങ്ങനെയാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫൗണ്ടേഷന്‍, പൈലിങ് ജോലി എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ലാബിന്റെ പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പള്ളിയത്ത് ഭാഗത്ത് എ ഒന്ന് മുതല്‍ പി നാല് വരെയും കീഴത്തൂര്‍ ഭാഗത്ത് പി ആറ് മുതല്‍ എ രണ്ട് വരെയും കോണ്‍ക്രീറ്റ് സ്ലാബ് പൂര്‍ത്തിയായി. 15 ഗര്‍ഡറുകളുടെ കോണ്‍ക്രീറ്റും പള്ളിയത്ത് വശത്ത് കര്‍ബ് ഭിത്തിയുടെയും കൈവരികളുടെയും കോണ്‍ക്രീറ്റും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കീഴത്തൂര്‍ വശത്തുള്ള കര്‍ബ് ഭിത്തി, കൈവരികള്‍ എന്നിവയുടെ പ്രവൃത്തിയും കീഴത്തൂര്‍, പള്ളിയത്ത് വശങ്ങളിലെ അപ്രോച്ച് റോഡ് പണിയും പുരോഗമിക്കുകയാണ്.

date