Skip to main content

അമ്പലപ്പുഴ മണ്ഡലത്തിലെ 13 റോഡുകളുടെ നിർമാണത്തിന് തുടക്കം ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന  സർക്കാരാണിത്: മന്ത്രി ജി സുധാകരൻ

 

ആലപ്പുഴ: ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്ന് പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 13 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൊണ്ട് ഗതാഗത സൗകര്യം, സ്‌കൂൾ, ആശുപത്രി, കാർഷിക മേഖല എന്നിവ മെച്ചപ്പെട്ടു. 30 വർഷം വരെ കേടുവരാത്ത ബി.എം. ആന്റ് ബി.സി നിലവാരത്തിലുള്ള റോഡുകളാണ് നിർമ്മിക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് ഈ സർക്കാർ വികസനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പുന്നപ്ര വടക്ക് പഞ്ചായത്തിൽ 30 കോടി ബജറ്റ് ഫണ്ടിൽ ഉൾപ്പെട്ട ഒരു റോഡിന്റെയും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ നാലു റോഡുകളുടെയും നിർമാണമാണ് ആരംഭിച്ചത്. ബജറ്റിൽ ഉൾപ്പെടുത്തി 30 കോടി രൂപ ചെലവിൽ നിർമിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പത്ത് ഗ്രാമീണ റോഡുകളുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. 2.38 കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പുനർനിർമിക്കുന്ന തോട്ടപ്പള്ളി-കളർകോട് കണക്ടിവിറ്റി റോഡിന്റെ ഭാഗമായ ഉള്ളാടൻ പറമ്പ്- ശാതങ്കൻ ക്ഷേത്രം റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന മാതൃഭൂമി- പഴയനടക്കാവ് റോഡ്, 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പറവൂർ- അമൃത ജംഗ്ഷൻ -കാപ്പിത്തോട് റോഡ്, 22 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മാടപ്പറമ്പ്- അങ്കണവാടി റോഡ്, 20.05 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഉള്ളാടൻ പറമ്പ്- തൈവേലിക്കകം റോഡ് എന്നിവയുടെ നിർമാണോദ്ഘാടനവും നടന്നു. റോഡ് നിർമാണത്തിനൊപ്പം ഓടകൾ ഉയർത്തി നിർമിക്കും. ഓടയുടെ പൊളിഞ്ഞ ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി, ഓടയ്ക്ക് സ്ലാബ് എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് പുനർനിർമ്മിക്കുന്നത്. 

പുന്നപ്ര തെക്ക് പഞ്ചായത്തിൽ 30 കോടി ബഡ്ജറ്റ് ഫണ്ടിൽ ഉൾപ്പെട്ട അഞ്ചു റോഡുകളുടെയും ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ ഒരു റോഡിന്റെയും നിർമാണമാണ് ആരംഭിച്ചത്. അറവുകാട് കുളത്തിൽ ജംഗ്ഷൻ- കാഞ്ഞൂൽ അങ്കണവാടി റോഡ്(360 ലക്ഷം രൂപ), അറവുകാട് ക്ഷേത്രം- ഗുരുസാഗര ജംഗ്ഷൻ റോഡ്(40 ലക്ഷം), പരപ്പിൽ പുതുവൽ പാലം റോഡ് (139 ലക്ഷം) , കണ്ണാട്- കളരിക്കൽ റോഡ്(250 ലക്ഷം), വെമ്പാലമുക്ക്- മങ്ങാട്ട്പള്ളി റോഡ്(277 ലക്ഷം), പുന്നപ്ര കെ.എസ്.ഇ.ബി.- ചൂളപ്പറമ്പ് വളപ്പിൽ ജംഗ്ഷൻ റോഡ് (250 ലക്ഷം) എന്നിവയുടെ നിർമാണോദ്ഘാടനവും നടന്നു. 

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് റോഡുകളുടെ നിർമാണത്തിനാണ് തുടക്കമായത്. 20 ലക്ഷം രൂപ ചെലവിൽ വളഞ്ഞവഴി റെയിൽവേ ക്രോസ്സ്- കമ്പിവളപ്പ് റോഡും അഞ്ചു ലക്ഷം രൂപ ചെലവിൽ എച്ച്.ഐ.എൽ.പി.എസ് ജംഗ്ഷൻ- ആഞ്ഞിലിപ്പറമ്പ് റോഡുമാണ് നിർമിക്കുന്നത്.

വിവിധ സ്ഥലങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് എന്നിവർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവന ചന്ദ്രൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, പുന്നപ്ര വടക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജയ പ്രസന്നൻ, ആർ. വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീത ബാബു, അഞ്ജു, പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. വിനു എന്നിവർ പങ്കെടുത്തു.

date