Skip to main content

പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം സര്‍ക്കാരിന്റെ ലക്ഷ്യം - മന്ത്രി വി എസ് സുനില്‍കുമാര്‍ ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു

 

 

പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് കൃഷി മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. നബാര്‍ഡിന്റെ  ധനസഹായത്തോടെ നവീകരിച്ച ശ്രീനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

 

മുന്‍തലമുറ നമുക്ക് വേണ്ടി കരുതിവെച്ച സമ്പത്താണ് പരമ്പരാഗത ജലസ്രോതസ്സുകള്‍. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നത് വികസനത്തിന്റെ പ്രധാന ഘട്ടമായിട്ടാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വികസനം എന്നു പറയുന്നത് പ്രകൃതി മൂലധനത്തിന്റെ സംരക്ഷണം കൂടിയാണ് എന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജലത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കി അതിന്റെ മാനേജ്മെന്റ് ശാസ്ത്രീയമാക്കിയാണ് ഹരിത കേരളം മിഷന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെമ്പാടും നന്നായി ചെയ്തുകൊണ്ടിരിക്കുന്നത്. 

 

പൈതൃക പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രങ്ങളും ക്ഷേത്രത്തോടനുബന്ധിച്ച കുളങ്ങളും  കാവുകളും സംരക്ഷിക്കുക എന്നുള്ളത്  വളരെ കാര്യമായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. പുരാതന സംസ്‌കാരം എന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. പണ്ടത്തെ മതവിശ്വാസങ്ങളുടെയും സമൂഹങ്ങളുടെയും അവശിഷ്ടങ്ങള്‍ പിന്നീടുള്ള സംസ്‌കാരങ്ങളുടെ മുന്നോട്ട് പോക്കിന്റെ ഭാഗമായി വളര്‍ന്നു വന്നിട്ടുണ്ട്. മതങ്ങളും മത വിശ്വാസങ്ങളും സംസ്‌കാരങ്ങളും എല്ലാം തന്നെ കാലാന്തരത്തില്‍ മാറ്റം സംഭവിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

 

ജലസ്രോതസുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പും കെ എല്‍ ഡി സിയും ചേര്‍ന്ന് നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് ശ്രീനാരായണപുരം പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം ക്ഷേത്രക്കുളം നവീകരിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രക്കുളം നവീകരണത്തിന് ഒരു കോടി 60 ലക്ഷമാണ് വിനിയോഗിച്ചത്. 105 മീറ്റര്‍ നീളവും 55 മീറ്റര്‍ വീതിയുമുള്ള കുളത്തിന്റെ ആഴം കൂട്ടി, ചുറ്റും കരിങ്കല്‍ പാര്‍ശ്വഭിത്തി, രണ്ട് കല്‍പ്പടവ്, കൂടാതെ കുളത്തിന് ചുറ്റും നടപ്പാതയും കൈവരിയും എന്നിവ നിര്‍മ്മിച്ചായിരുന്നു നവീകരണം. പദ്ധതി പൂര്‍ത്തീകരിച്ചതോടെ കാലവര്‍ഷത്തില്‍ അധികമായുണ്ടാകുന്ന മഴവെള്ളം സംഭരിക്കുകയും കൂടാതെ ജലസേചന ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും. കൂടാതെ സമീപ കൃഷി പ്രദേശങ്ങളില്‍ സ്ഥിരമായി ഈ സംവിധാനം നിലനിര്‍ത്തുന്നതുമാണ്.

 

ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ടി എന്‍ ശിവശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. 

 

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സുനില്‍ രാജ്, മതിലകം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബീദലി, വകുപ്പുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date