Skip to main content

മന്ത്രിസഭാ വാര്‍ഷികം ജില്ലാതല സമാപനം 27ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും 

 

 

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ജില്ലാതല സമാപനത്തിന്റെയും സര്‍ക്കാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെയും ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അങ്കണത്തില്‍ മെയ് 27ന് ഉച്ച കഴിഞ്ഞ് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയില്‍ പുതുതായി നിര്‍മ്മിച്ച കാഷ്വാലിറ്റി ബ്ലോക്ക് ഒന്നാംനിലയുടെ  നിര്‍മ്മാണം പൂര്‍ത്തിയാക്കി അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമായതായി ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാര്‍ അറിയിച്ചു. അഞ്ചുനില കാഷ്വാലിറ്റി ബ്ലോക്കിന് 16 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 1.5 കോടി രൂപ ചെലവില്‍ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ച ഡി.ആര്‍. യന്ത്രത്തിന്റെ ഉദ്ഘാടനമാണ് മറ്റൊന്ന്. മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ആദ്യഘട്ടം സ്ത്രീകളുടെ വിഭാഗത്തിലെ നവീകരിച്ച ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. 75 ലക്ഷം രൂപ മുടക്കി പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍, ഫ്രീസര്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും സജ്ജീകരിച്ച മോര്‍ച്ചറി ബ്ലോക്കും ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇവിടെ ഒരേ സമയം നാല് പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമുണ്ട്. 18 ചേംബറുകളുള്ള ഫ്രീസറാണ് സ്ഥാപിച്ചിട്ടുള്ളത്. ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ 2010 ല്‍ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന് ഈ വര്‍ഷം അംഗീകാരവും ലഭിച്ചു. സംസ്ഥാനത്തെ തന്നെ ആദ്യസംരംഭമായ ഹീമോഫീലിയ വാര്‍ഡും പ്രവര്‍ത്തനസജ്ജമാണ്. 89 ലക്ഷം രൂപ മുടക്കില്‍ കേരളത്തില്‍ ആദ്യമായി നിര്‍മ്മിച്ച രണ്ട് ആധുനിക മോഡലാര്‍ ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തന സജ്ജമാണ്. ലീനിയര്‍ ആക്‌സിലറേഷന്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും ഈ അവസരത്തില്‍ നടക്കും. ഗൈനകോളജി വിഭാഗത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറി, കൂട്ടിരിപ്പുകാര്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രം, ഹെല്‍ത്ത് എജുക്കേഷന്‍ സെന്റര്‍ എന്നിവയും പ്രവര്‍ത്തന സജ്ജമാണ്. ആശുപത്രികോമ്പൗണ്ടിലെ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു കോടി രൂപ മുടക്കില്‍ 750 കെവിയുടെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു.  

date