Skip to main content

ഫോർട്ട് കൊച്ചി വികസനം: വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: മന്ത്രി

 

കാക്കനാട്: ഫോർട്ടു കൊച്ചിയിലെ  ടൂറിസം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിനോദ സഞ്ചാര  വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം.ബീച്ചിൻ്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി രേഖ തയാറാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.  കൊച്ചിയുടെ തനതു പാരമ്പര്യ മുഖഛായ ആയ ചീനവലകളുടെ പുനരുദ്ധാരണത്തിനായി കിറ്റ് കോ വഴി നടന്നു വരുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും നിർദ്ദേശം നൽകി.  ഫോർട്ടുകൊച്ചിയിൽ ടൂറിസം വകുപ്പ് നിർമ്മിക്കാനുദ്ദേശിക്കുന്ന ആധുനിക നിലവാരത്തിലുള്ള ശുചി മുറി സമുച്ചയത്തിൻ്റെ സാങ്കേതികവും നഗരസഭാ പെർമിറ്റ് അടക്കമുള്ള വിഷയങ്ങളിൽ നഗരസഭയോട് ചേർന്നുള്ള പ്രവർത്തനങ്ങളായിരിക്കണം നടത്തേണ്ടത്.  പ്രധാന പ്രശ്നങ്ങളിലൊന്നായ ശുചീകരണത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ജില്ലാ കളക്ടർ എസ്.സുഹാസ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇക്കാര്യത്തിൽ നഗരസഭ, ഡി.റ്റി.പി.സി, ഹെറിറ്റേജ് സൊസൈറ്റി എന്നിവർ സംയുക്തമായി ഇടപെട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും യോഗത്തിൽ മന്ത്രി ഉറപ്പുനൽകി. ലോക് ഡൗൺ മൂലം ഹെറിറ്റേജ് സൊസൈറ്റിയുടെ കീഴിലുള്ള  സാമ്പത്തിക പ്രയാസങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. സൊസൈറ്റി പുന:സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ടൂറിസം ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കാനും ധാരണയായി. ഫോർട്ടുകൊച്ചി ടൂറിസം മാസ്റ്റർ പ്ലാൻ കാലാനുസൃതമായി പരിഷ്ക്കരിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള ഏകോപനം ടൂറിസം ഡയറക്ടറെയും ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തിയതായി മന്ത്രി യോഗത്തിൽ അറിയിച്ചു. ഫോർട്ട് കൊച്ചിയിലെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് മന്ദിരം കെ.ടി.ഡി.സി.യുമായി ചേർന്ന് നവീകരിക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുന്നതിന് ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഡി.റ്റി.പി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻ്ററിൻ്റെയും സമയബന്ധിതമായ പുരോഗതി ഉറപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഉണ്ടാകുകയും അപ്രകാരം ആവശ്യമായ തുടർ നടപടികൾ നിർവഹണ ഏജൻസിയായ കെ.എസ്.സി.എ.ഡി.സി മുഖേന നടത്താനും യോഗം തീരുമാനിച്ചു.  കൊച്ചി മേയർ എം.അനിൽകുമാർ , കെ.ജെ. മാക്സി എം.എൽ.എ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

date