Skip to main content

ഭക്ഷ്യസുരക്ഷ നേടാന്‍ കുട്ടികള്‍ക്കും പങ്കാളികളാകാം: തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ

മുകുളം 2021 പദ്ധതി ഉദ്ഘാടനം ചെയ്തു

 

ഭക്ഷ്യസുരക്ഷ നേടാന്‍ കുട്ടികള്‍ക്ക് തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുവാന്‍ കഴിയുമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാന്‍ തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മുകുളം പദ്ധതിയുടെ 12-ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ.     

 മറ്റ് ഏതൊരു തൊഴില്‍ മേഖലയോടൊപ്പവും നമുക്ക് എല്ലാവര്‍ക്കും ഒരു കര്‍ഷകനായി ജീവിക്കുവാനും സാധിക്കും.  നമ്മുടെ രാജ്യത്ത് അതിനുള്ള എല്ലാ സാധ്യതകളും ലഭ്യമാണെന്നും എപ്പിസ്‌ക്കോപ്പാ പറഞ്ഞു.  

കാര്‍ഡ് ഡയറക്ടര്‍ റവ. ഏബ്രഹാം പി. വര്‍ക്കി അധ്യക്ഷത വഹിച്ചു.  2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികര്‍ഷകര്‍ക്കും തങ്ങളുടേതായ സംഭാവന നല്‍കുവാനുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് പറഞ്ഞു.  നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജി കെ വര്‍ഗീസ് നിര്‍വഹിച്ചു.  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍ പ്രസീന, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അസി. ഡയറക്ടര്‍ സി.അമ്പിളി, മുകുളം 2021 പദ്ധതി ചെയര്‍മാന്‍ വിനോദ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. ഷാനാ ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുകുളം പദ്ധതിയുടെ ഭാഗമായി കുട്ടിക്കര്‍ഷക മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകത്തോട്ട നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കും.  കൂടാതെ ഓണ്‍ലൈന്‍ പരിശീലനങ്ങളും സംഘടിപ്പിക്കും.  ഇതോടൊപ്പം മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം, കോഴിവളര്‍ത്തല്‍, അക്വാപോണിക്സ്, മൈക്രോഗ്രീന്‍, കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ധന, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയില്‍ പരിശീലനങ്ങള്‍, സെമിനാറുകള്‍, മത്സരങ്ങല്‍ തുടങ്ങിയവ സംഘടിപ്പിക്കും.  വിജയികള്‍ക്ക് 5000 രൂപാ ക്യാഷ് അവാര്‍ഡും ജോസഫ് മാര്‍ത്തോമ്മാ എവര്‍റോളിങ്ങ് ഗ്രീന്‍ ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും.  2000 രൂപയും, 1000 രൂപയും പ്രശംസാപത്രവും യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനിക്കും. ജില്ലയിലെ 10 സ്‌കൂളുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

date