Skip to main content

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍  ജില്ലാ ജനകീയ സമിതിയോഗം

ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ ജില്ലാതല ജനകീയ കമ്മിറ്റി എക്സൈസിന് നിര്‍ദ്ദേശം നല്‍കി. മഴക്കാലം, സ്കൂള്‍-കോളേജ് പ്രവര്‍ത്തനാരംഭം എന്നിവ കണക്കിലെടുത്ത് മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുള്ള തീവ്രശ്രമം ഉണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യ ഉപയോഗവും കഞ്ചാവ് വ്യാപനവും സജീവമായതായുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ കാണണം. സ്കൂളിനടുത്തുള്ള കടകള്‍ കേന്ദ്രീകരിച്ചും അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും ഒഴിവുദിവസങ്ങള്‍ ഉള്‍പ്പെടെ സജീവമാകുന്ന മുറുക്കാന്‍ കടകളിലും വ്യാപകമായ തോതില്‍ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ സുലഭമാണെന്നും ഇതിനെതിരെ അധികൃതര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും യോഗം അറിയിച്ചു. 
    സ്കൂള്‍, കോളേജ് തലങ്ങളിലും കുട്ടികളുടെ രക്ഷിതാക്കളിലും ആവശ്യമായ ബോധവത്ക്കരണം നടത്തണം. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കഞ്ചാവ് വാഹകരാവുന്നത്. അവര്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തുന്നതില്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
    കഴിഞ്ഞ ജനുവരി മുതല്‍ ഇക്കാലയളവു വരെ 326 അബ്കാരി കേസുകളിലും 180 എന്‍ഡിപിഎസ് കേസുകളിലുമായി 499 പ്രതികളെ അറസ്റ്റു ചെയ്തതായി എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷാജി എന്‍. രാജു യോഗത്തെ അറിയിച്ചു. 863 ലിറ്റര്‍ സ്പിരിറ്റ്, 226 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 60 ലിറ്റര്‍ ചാരായം, 5360 ലിറ്റര്‍ വാഷ്, 16 ലിറ്റര്‍ ബീയര്‍, 617 ലിറ്റര്‍ അരിഷ്ടം, 39 കിലോ കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍, 62 ഗ്രാം ഓപ്പിയം, .449 ഗ്രാം എല്‍.എസ്.ഡി, 28 പെന്‍റാസോസിന്‍ ആംപ്യൂള്‍,10 നൈട്രാവെറ്റ് ടാബ്ലെറ്റ്, 90 ലിറ്റര്‍ കള്ള്, 128 നെട്രസിപാം, 690 കിലോ പുകയില, 25 വാഹനങ്ങള്‍, 22,670 രൂപ എന്നിങ്ങനെയും ഇക്കാലയളവില്‍ പിടിച്ചെടുക്കാനായതായും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 
    യോഗത്തില്‍ എ.ഡി.എം സി ലതിക അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഫ്രാന്‍സിസ് ചാലിശേരി, വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.      
 

date