Skip to main content

സ്കൂൾ തുറക്കൽ; മുൻകരുതലുകൾ പൂർത്തിയാക്കാൻ നിർദ്ദേശം 

 

 

 

നവംബർ ഒന്നിന് സ്കൂൾ പുനരാരംഭിക്കുന്നതിന് മുൻപ്  മുൻകരുതലുകൾ പൂർത്തിയാക്കാൻ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ മുന്നൊരുക്കങ്ങൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ ഓൺലൈൻ  അവലോകന  യോഗത്തിൽ ചർച്ച ചെയ്തു.

ഒരു ഡോസ് വക്സിൻ എങ്കിലും എടുക്കാത്ത 443 ജീവനക്കാർക്കായി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.   
 അധ്യാപക, അനധ്യാപക ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ, സ്കൂൾ ഫിറ്റ്നസ്, സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്സ്, ശുചീകരണം എന്നിവ സംബന്ധിച്ച കാര്യങ്ങളും യോഗം ചർച്ച ചെയ്തു.  സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത മുഴുവൻ വിദ്യാലയങ്ങളിലും ഒരു വട്ടം കൂടി സന്ദർശനം നടത്തി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കലക്ടർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

സ്കൂൾ ബസ്സ്കൾക്ക് ഫിറ്റ്നസ് നൽകുന്നതുമായി ബന്ധപ്പെട്ട വാഹന പരിശോധന ക്യാമ്പ് ഒക്ടോബർ 20 ന് മുൻപായി നടത്തും. സ്കൂൾ ശുചീകരണം ഒക്ടോബർ 21 ന് മുൻപ് പൂർത്തീകരിക്കും. ഇതിനു ജില്ല - ഉപജില്ല - വിദ്യാഭ്യാസ ഓഫീസർക്ക് പുറമെ പഞ്ചായത്തിന്റെയും നിരീക്ഷണം ഉണ്ടാവും.

ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്നുകളുടെ വിതരണം “കരുതലോടെ മുന്നോട്ട്" എന്ന പദ്ധതി വഴി ഒക്ടോബർ 25, 26, 27 തീയതികളിൽ നടത്തും. വിദ്യാലയങ്ങൾ  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കുമ്പോൾ കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

date