Skip to main content

ഉത്തര കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ തുടക്കം കുറിച്ചത് ജനകീയാസൂത്രണത്തിലൂടെ: ഡോ. ടി.എം. തോമസ് ഐസക്

ഉത്തര കേരളത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് തുടക്കം കുറിച്ചത് ജനകീയാസൂത്രണത്തിലൂടെയാണെന്ന് മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നദീതട വികസന സെമിനാറും ജനപ്രതിനിധികളെയും ജനകീയാസൂത്രണ പ്രവർത്തകരേയും ആദരിക്കുന ചടങ്ങ് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തോമസ് ഐസക്. ജനസംഖ്യാനുപാതികമായി വിഹിതം ലഭ്യമാക്കാൻ സാധിച്ചതിനാലാണ് തെക്കൻ കേരളത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന വികസന പ്രവർത്തനങ്ങൾ കാസർകോടും എത്തിക്കാൻ സാധിച്ചത്. അധികാരം ജനങ്ങളിലെത്തിക്കാനും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാധിച്ചത് പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള തുടക്കമായിരുന്നു. പിന്നീട് കിഫ്ബിയിലൂടെ അത് തുടരുന്നു.
കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഓഫീസുകളിൽ ഒന്നിലും പിറകോട്ടു പോയിട്ടില്ലെന്ന് കാണാം. കോവിഡ് കാലത്ത് മറ്റെല്ലാ സംസ്ഥാനങ്ങളും അരാജകത്വത്തിലേക്ക് നീങ്ങിയപ്പോഴും കേരളം പിടിച്ച നിന്നത് ജനകീയാസൂത്രണത്തിന്റെ വിജയമാണ്. ജനകീയാസൂത്രണത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ച പ്രവർത്തകരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തിയ ഇ പുസ്തകം തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1000 പേജുള്ള ആദ്യഭാഗം ഡി സംബറിൽ പ്രസിദ്ധീകരിക്കും
നീർത്തടാധിഷ്ഠിത വികസനരേഖകൾ അടിസ്ഥാനമാക്കി വാർഷിക പ്രൊജക്ടുകൾ തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു നദീതട അധിഷ്ടിത വികസന പദ്ധതികൾക്ക് രൂപം നൽകണം. കാലാവസ്ഥാ വ്യതിയാന മൂലമുള്ള പ്രതിസന്ധികൾ അതിജീവിക്കാൻ  ഇത്തരം പദ്ധതികളിലൂടെ പ്ലാൻ ചെയ്യണം-ഡോ.തോമസ് ഐസക് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ജനപ്രതിനിധികളായ ടി.വി. ഗോവിന്ദൻ, എം.സി. ഖമറുദ്ദീൻ, പി. അഷറഫലി, പി. നാരായണൻ മാസ്റ്റർ, പ്രഭാകര ചൗട്ട, പുഷ്പ അമേക്കള, ചന്ദ്രശേഖരൻ ദേലംപാടി, എം.ശങ്കർ റേ, സി. ശാരദ, ചന്ദ്രശേഖരൻ ദേലംപാടി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ പി വത്സലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ ഷിനോജ് ചാക്കോ, അഡ്വ. എസ്എൻ സരിത, ജനകീയാസൂത്രണം മുൻ ജില്ലാ കോർഡിനേറ്റർമാരായ പി.വി. പത്മനാഭൻ, കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

date