Skip to main content

മഴക്കെടുതി: അവലോകനയോഗം ചേര്‍ന്നു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി നേരിടുന്നതുമായി ബന്ധപ്പെട്ട് കോട്ടയം താലൂക്ക് ഓഫീസില്‍ അവലോകനയോഗം ചേര്‍ന്നു. ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം പ്രതിനിധികളില്‍ ഓരോരുത്തരെ വീതം താലൂക്കുതലത്തിലും പഞ്ചായത്തുതലത്തിലും മുഴുവന്‍ സമയജോലിക്ക് നിയോഗിച്ചിട്ടുണ്ട്.

താലൂക്കില്‍ ദുരന്തനിവാരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കും. രാത്രികാലങ്ങളില്‍ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍  സിമീഷ് സാഹു പറഞ്ഞു. ക്യാമ്പുകള്‍ ആരംഭിക്കുന്നതിനു മുമ്പ് കെട്ടിടങ്ങള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും ക്യാമ്പുകളുടെ പ്രവര്‍ത്തനം.  കോവിഡ് രോഗികള്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍, രോഗമില്ലാത്തവര്‍ എന്നിവരെ പ്രത്യേകം ക്യാമ്പുകളിലാണ് പ്രവേശിപ്പിക്കുക. താലൂക്കിന്റെ കിഴക്കന്‍ മേഖലകളായ അയര്‍ക്കുന്നം, പേരൂര്‍, ഏറ്റുമാനൂര്‍, പെരുമ്പായിക്കാട്, വിജയപുരം, മണര്‍കാട്, കോട്ടയം, മുട്ടമ്പലം എന്നിവിടങ്ങളില്‍ പ്രത്യേകജാഗ്രതാനിര്‍ദേശം നല്‍കി.

date