Skip to main content

ഒക്‌ടോബർ 24 വരെ ശക്തമായ കാറ്റിനും  ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

കോട്ടയം: ഒക്ടോബർ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

പൊതുജാഗ്രതാ നിർദ്ദേശങ്ങൾ

 

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

 

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

 

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത് .

 

ചുമരിലോ മറ്റോ ചാരിവച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്‌ക്കേണ്ടതാണ്.

 

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

 

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 ) മുൻകൂട്ടി ബന്ധപ്പെട്ട് മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. 

 

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയിൽ പെട്ടാൽ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. 

 

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. 

 

കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പു വരുത്തണം.

 

നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

date