Skip to main content

വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിനും വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുമായി ജില്ലകൾ തോറും സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ എത്തുമെന്നു ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഒരു ജില്ലയിൽ അഞ്ചു മൊബൈൽ യൂണിറ്റുകൾ എന്ന നിലയിൽ രണ്ടു ദിവസങ്ങളിലായി സാധനങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം 30നു തിരുവനന്തപുരത്തു നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. ഒരു മൊബൈൽ വാഹനം ഒരു ദിവസം ഒരു താലൂക്കിലെ അഞ്ചു കേന്ദ്രങ്ങളിൽ എത്തി റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകും. ഒരു മൊബൈൽ യൂണിറ്റ് രണ്ടു ദിവസങ്ങളിലായി ഒരു താലൂക്കിലെ പത്തു പോയിന്റുകളിൽ വിതരണം നടത്തുന്നവിധമാണു ക്രമീകരണം. അങ്ങനെ രണ്ടു ദിവസങ്ങളിലായി അഞ്ചു വാഹനങ്ങൾ ഒരു താലൂക്കിലെ 50 പോയിന്റുകളിൽ എത്തും. തീരദേശം, മലയോരം, ആദിവാസി ഊരുകൾ എന്നിവിടങ്ങൾക്കു മുൻഗണന നൽകിയാകും മൊബൈൽ വിൽപ്പനശാലകളുടെ യാത്ര.
സംസ്ഥാനത്തെ അഞ്ചു മേഖലകളിലുള്ള 52 ഡിപ്പോകളിൽ സാധനങ്ങൾ സംഭരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. മറ്റു മാവേലി ഔട്ട്ലെറ്റുകളിലൂടെയുള്ള സബ്‌സിഡി സാധന വിതരണത്തെ ബാധിക്കാത്തവിധമാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 4733/2021
 

date