Skip to main content

വികസന പുരോഗതി മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തും - ജില്ലാ വികസന സമിതി

 

എം.എല്‍.എമാരുടെയും എം.പിമാരുടെയും ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍. തീരുമാനം. വിവിധ പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥര്‍ യഥാസമയം വിവരങ്ങള്‍ നല്‍കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

കണ്ടെയ്നർ റോഡിൽ ബോള്‍ഗാട്ടി ജംഗ്ഷന്‍ മുതല്‍ ടോള്‍ പ്ലാസ വരെയുള്ള ഭാഗം മറൈന്‍ഡ്രൈവ് മാതൃകയില്‍ വികസിപ്പിക്കണമെന്ന് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തണം. കോവിഡ് പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ച വിവിധ സര്‍വ്വീസുകള്‍ പുനരാരംഭിക്കണം. ക്ലാസുകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു.

ഭൂമിയുടെ അടിസ്ഥാന വില നിര്‍ണയത്തില്‍ അപാകതയുണ്ടായ പ്രദേശങ്ങളില്‍ ഇതിന് പരിഹാരം കാണണമെന്ന് എം.എല്‍.എമാരായ ആന്‍റണി ജോണും റോജി എം ജോണും ആവശ്യപ്പെട്ടു.  പ്രദേശത്തെ ഭൂമിയുടെ അടിസ്ഥാന വില യഥാര്‍ത്ഥ വിലയെക്കാള്‍ പതിന്മടങ്ങ് കൂടുതല്‍ ആയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭൂമി കൈമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

2021 ലെ മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവരുടെ വിവര ശേഖരണം റിലീഫ് പോര്‍ട്ടല്‍ വഴി ശേഖരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദേശം തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയതായി ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍. വൃന്ദാദേവി യോഗത്തെ അറിയിച്ചു. വിളനാശം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാൻ കൃഷിഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ഒക്ടോബര്‍ മാസത്തില്‍ മാത്രമായി ജില്ലയില്‍ 2.90 കോടി രൂപയുടെ നാശനഷ്ടം പൊതുമരാമത്ത് റോഡുകള്‍ക്ക് സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ മേഖലയിലാണ് നാശനഷ്ടം കൂടുതല്‍.

ജില്ലയുടെ കിഴക്കൻ മേഖലകളിലെ ജനവാസ മേഖലയില്‍ വന്യ മൃഗങ്ങളുടെ ആക്രമണം തടയാൻ വിവിധ നടപടികള്‍ സ്വീകരിച്ചാതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍  അറിയിച്ചു. മലയാറ്റൂര്‍ ഡിവിഷനില്‍ വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പരിശോധിക്കുന്നതിനായി പട്രോളിംഗ്  നടത്തുന്നുണ്ട്, വന്യജീവികള്‍ ജനവാസ മേഖലയ്ക്ക് സമീപം എത്തിയാല്‍ അവയെ  തിരികെ കാട്ടിലേക്ക് കയറ്റിവിടുന്നതിനായി  സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്‍റെയും താല്ക്കാലിക വാച്ചര്‍മാരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുളള സ്‌ക്വാഡുകളുടെയും സേവനം ഉപയോഗപ്പടുത്തുന്നുണ്ട്.  പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പുലിയെ പിടികൂടുന്നതിനായി  നാല് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ വിവിധ പ്രദേശങ്ങളിലായി 5 ക്യാമറ കൂടുകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയാണ്. വന്യജീവി ആക്രമണം മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുന്തിനനുള്ള അപേക്ഷകള്‍ സമയ ബന്ധിതമായി പരിഹരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരത്തിലെ ബസ്സുകള്‍ ബസ്‌ബേയില്‍ നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് എറണാകുളം ആര്‍.ടി. ഒ അറിയിച്ചു. ബസ് ജീവനക്കാരുടെ പെരുമാറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത  23 ബസ് ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതായും അറിയിച്ചു.

ദേശീയ പാതയില്‍  അറ്റകുറ്രപ്പണികള്‍ക്കുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കണമെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസി‍‍‍‍ഡൻറ് ഉല്ലാസ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. ആലുവ മൂന്നാര്‍ റോഡിലെ     അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കമെന്ന് ആൻറണി ജോണ്‍എം എല്‍. എ ആവശ്യപ്പെട്ടു.  ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡില്‍ കുറുപ്പംപടി ഭാഗത്തെ അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന ടി.ജെ വിനോദ് എം.എല്‍.എുടെ പരാതിയില്‍ പട്രോളിങ്ങ് വര്‍ധിപ്പിച്ചതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. അംബേദ്കര്‍ സ്റ്റേഡിയത്തിനു സമീപത്തായി പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുകയും ഡ്യൂട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ  നിയോഗിക്കുകയും ചെയ്തു.  കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് കേന്ദ്രീകരിച്ചു പ്രത്യേകമായി രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.  10 പോലീസുകാരുള്‍പ്പെട്ട എക്കോ സ്‌ട്രൈക്കര്‍ എന്ന ടീമിനേയുംനിയോഗിച്ചിട്ടുണ്ട്. 

ജോസ് ജംഗ്ഷനിലുള്ള കെ.എം.ആര്‍.എല്‍ പവലിയനു സമീപം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിനായി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ പോലീസ് എയിഡ് പോസ്റ്റ് ആരംഭിക്കുകയും പോലീസുദ്യോഗസ്ഥരെ വയര്‍ലെസ് സെറ്റ് സഹിതം സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.  സൗത്ത് റെയില്‍വേ സ്റ്റേഷനും പരിസരങ്ങളും കേന്ദ്രീകരിച്ചു പ്രത്യേക പട്രോളിങ് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
.
ആലുവ നഗരത്തില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി വേണ്ടി കുഴിച്ച റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് അൻവര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ഇതുമൂലം  ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴ മൂലം ജില്ലയില്‍ നടപ്പാക്കേണ്ടിയിരുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകിയതായും കാലാവസ്ഥ മെച്ചപ്പെട്ട ശേഷം ഉടൻ നിര്‍മാണ പദ്ധതികള്‍ പുനരാരംഭിക്കുമെന്നും ജില്ല കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

ഓണ്‍ലൈൻ ആയി നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.എൻഉണ്ണികൃഷ്ണൻ, അൻവര്‍ സാദത്ത്, റോജി എം.ജോണ്‍, മാത്യുകുഴല്‍നാടൻ, അനൂപ് ജേക്കബ്, ടി.ജെ വിനോദ്, ആൻറണി ജോണ്‍, അഡ്വ.പി.വി ശ്രീനീജൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ഡിസ്ട്രിക്ട് ഡവലപ്മെന്‍റ് കമ്മീഷണര്‍ ഷിബു കെ അബ്ദുള്‍ മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  അനിത ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date