Skip to main content

കടമക്കുടി പഞ്ചായത്തിന്റെ പുനരധിവാസത്തിന് പദ്ധതി തയാറാക്കും  : എസ് ശർമ എംഎൽഎ 

 

കൊച്ചി: കടമക്കുടി പഞ്ചായത്തിന്റെ പുനരധിവാസത്തിന്  ജില്ലാ ഭരണകൂടവുമായി ആലോചിച്ച് പദ്ധതി തയാറാക്കുമെന്ന്  എസ് ശർമ എംഎൽഎ പറഞ്ഞു. ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക. അതിന് ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടി എടുക്കും. സഞ്ചാരയോഗ്യമല്ലാത്ത വഴികൾ എത്രയും വേഗം നന്നാക്കുകയും യാത്രാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. ഫെറി , കടത്ത് വഞ്ചി സർവ്വീസുകൾ എല്ലാ സ്ഥലങ്ങളിലും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അടിയന്തരമായി പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം വൃത്തിയാക്കാൻ അറുപത്തി അയ്യായിരം രൂപ ബ്ലോക്കിൽ നിന്നും അനുവദിച്ചതായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ  ആന്റണി പറഞ്ഞു . പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിൻ ഗുളികകൾ  ആവശ്യത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളിൽ ടാങ്കർലോറിയിൽ കുടിവെള്ളം എത്തിക്കും. ശുചീകരണത്തിന് ആവശ്യമായ ഗംബൂട്ട് , മാസ്ക്,  ഗ്ലൗസ് , ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയ സാധനങ്ങളും ലഭ്യമാക്കും . പുതുശ്ശേരി റോഡ് നന്നാക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാൻ എക്സികുട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ കടമക്കുടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . 

ഇന്ന് (24.8.2018) എറണാകുളം മഹാരാജസ് കോളജ് വിദ്യാർത്ഥികളുടെ നേതൃത്യത്തിൽ കടമക്കുടി പ്രൈമറി ഹെൽത്ത് സെന്റർ വൃത്തിയാക്കി. മുപ്പത്തിയഞ്ച്  വിദ്യാർത്ഥികളുടെയും  രണ്ട് അദ്ധ്യാപകരുടെയും  നീണ്ട അഞ്ച് മണിക്കൂർ പ്രയത്നത്തിനൊടുവിലാണ് പിഎച്ച്സി വൃത്തിയാക്കിയത്. പഞ്ചായത്തിലെ റേഷൻ കടയുടെ പ്രവർത്തനവും ഉടൻ പുനരാരംഭിക്കും. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കും സാധനങ്ങൾ ലഭിക്കും. 

ഭൂരിഭാഗം വീടുകളും വാസയോഗ്യമല്ല . പഞ്ചായത്തിലെ പല വീടുകളും റോഡുകളും ചെളിയിൽ പൊതിഞ്ഞു കിടക്കുകയാണ് . വീടുകളുടെ മതിൽ ഇടിഞ്ഞു വീഴുകയും വീടിന് വിള്ളലും സംഭവിച്ചിട്ടുണ്ട്.  

ചെറിയ കടമക്കുടി , പിഴല തുരുത്തുകൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോതാട് പള്ളിയിൽ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും  എറണാകുളം മഹാരാജാസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലുമായി ആയിരത്തിലധികം പേർ താമസിക്കുന്നുണ്ട്.

date