Skip to main content
കേരള മീഡിയ അക്കാദമിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഇൻ്റർനാഷണൽ ജേർണലിസം ഫെസ്റ്റിവലിൽ 'മലയാള പത്രപ്രവർത്തനത്തിന്റെ 175 വർഷങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ശശികുമാർ മുഖ്യപ്രഭാഷണം നടത്തുന്നു.

കേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുന്നിൽ: ശശികുമാർ

'മലയാള പത്രപ്രവർത്തനം, 175 വർഷം' സെമിനാർ സംഘടിപ്പിച്ചു

കേരളത്തിലെ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണെന്ന് മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ പറഞ്ഞു. സാങ്കേതിക രംഗത്തെ എല്ലാ സാധ്യതകളും ഇവിടുത്തെ മാധ്യമങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള മീഡിയ അക്കാദമിയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള  മീഡിയ കോൺക്ലേവിൽ മലയാള പത്രപ്രവർത്തനത്തിന്റെ 175 വർഷങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആദ്യകാലത്ത് പത്രങ്ങളെ മാത്രമായിരുന്നു വാർത്തകൾക്കായി ജനങ്ങൾ ആശ്രയിച്ചിരുന്നത്. പിന്നീട് ടെലിവിഷൻ ചാനലുകൾ ആരംഭിച്ചെങ്കിലും പത്രങ്ങളുടെ മുൻതൂക്കം കുറയ്ക്കാൻ ഇവയ്ക്ക് ആദ്യഘട്ടത്തിൽ  സാധിച്ചിരുന്നില്ല. പതിയെ പതിയെ ടെലിവിഷൻ ചാനലുകൾ മാധ്യമ രംഗത്ത് ആധിപത്യം സ്ഥാപിച്ചു തുടങ്ങി. പിന്നീട് ഡിജിറ്റൽ മീഡിയ രംഗം കീഴടക്കി. സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇന്റഗ്രേറ്റഡ് മൾട്ടിമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആണ് വാർത്തകൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മാധ്യമപ്രവർത്തനം എന്തിന് എന്ന ചോദ്യം ഉയർന്നു വന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും ജനങ്ങളും ഈ ചോദ്യം ഉയർത്തി കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തനത്തിന്റെ പ്രസക്തി ദിനം പ്രതി കുറഞ്ഞുവരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വന്നതോടെ സാധാരണ ജനങ്ങൾ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ കോൺക്ലേവിൻ്റെ ലോഗോ പ്രകാശനം ശശികുമാർ അക്കാദമി ചെയർമാൻ ആർ.എസ് ബാബുവിന് നൽകി നിർവഹിച്ചു. കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം പി.പി.ശശീന്ദ്രൻ സെമിനാറിൽ ആമുഖം അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമപ്രവർത്തകനുമായ തോമസ് ജേക്കബ് സെമിനാർ നയിച്ചു. കേരള മീഡിയ അക്കാദമി മുൻ ചെയർമാൻമാരായ കെ.മോഹനൻ, എസ്.ആർ.ശക്തിധരൻ, സെർജി ആൻ്റണി, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി നാരായ‌ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

date