Skip to main content

ചെറുകുന്ന് ജി എൽ പി എസ് കുരുന്നുകൾക്കായി സ്റ്റാർസ് വർണ്ണക്കൂടാരം ഒരുക്കുന്നു

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി  ജി.എൽ പി എസ് ചെറുകുന്നിൽ പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷി വികാസങ്ങൾക്കനുസൃതമായ പഠനത്തിന് അവസരമൊരുങ്ങുന്നു. വർണ്ണക്കൂടാരത്തിന്റെ നിർമ്മാണോദ്ഘാടനം പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി പി ചെയർപേഴ്സൺ പി. എസ് സജിത്ത് അധ്യക്ഷത വഹിച്ചു.

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറിയാണ്  സജ്ജമാകുന്നത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം,  വരയിടം തുടങ്ങി പതിമൂന്ന് കോര്‍ണറുകളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. "സ്നേഹമാണ് ഭാഷ കളിയാണ് രീതി" എന്ന വാക്യം മുൻ നിർത്തി കണ്ടറിഞ്ഞും കൊണ്ടറിഞ്ഞുമുള്ള പഠനരീതിയിലൂടെ കുട്ടികളെ ആകര്‍ഷിക്കുവാനും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ മുതൽ മുടക്കിലാണ് വർണ്ണക്കൂടാരം നിർമ്മിക്കുന്നത്.
 

ബി പി സി ബി ആർ സി ഒല്ലൂക്കര ഫേബ കെ ഡേവിഡ് പദ്ധതി വിശദീകരിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നളിനി വിശ്വംഭരൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിബി വർഗീസ്, പഞ്ചായത്തംഗങ്ങളായ സുജിത അർജുനൻ, ധന്യ ബിജു, പി ടി എ പ്രസിഡന്റ് കെ. സി സനൂപ്, എസ് എം സി ചെയർമാൻ വി. ആർ രമേശ്, എം പി ടി എ പ്രസിഡന്റ് രശ്മി രതീഷ്, ഒല്ലൂക്കര ബി ആർ സി  സി ആർ സി സി ജിൻസി ജോസ്, പ്രധാന അധ്യാപിക ജീന തോമസ്, പ്രീപ്രൈമറി അധ്യാപികയും എസ് എസ് കെ പ്രീപ്രൈമറി കോർ അംഗവുമായ വി. വി ശാലിനി, സീനിയർ അധ്യാപിക പി. വി ഓമന തുടങ്ങിയവർ പങ്കെടുത്തു.

date