ഉണ്യാൽ ഫിഷറീസ് പുനർഗേഹം ഫ്ലാറ്റ് ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് (വ്യാഴം)
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി താനൂർ ഉണ്ണ്യാലിൽ നിർമ്മിച്ച 16 ഫ്ലാറ്റുകൾ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് ഏഴിന് (വ്യാഴം) വൈകുന്നേരം മൂന്നിന് ഓൺലൈനായി നിർവഹിക്കും. കടൽ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ പുനർഗേഹം പദ്ധതി നടപ്പിലാക്കുന്നത്. തീരദേശപാതയ്ക്കരികിൽ 600 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ന്യൂനപക്ഷക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ശിലാഫലക അനാച്ഛാദനവും താക്കോൽ കൈമാറ്റവും നടത്തും. കായിക മന്ത്രി വി.അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിൻ്റെ ചുമതല വഹിച്ചിരുന്ന 2023ലാണ് ഈ ഫ്ലാറ്റിൻ്റെ ശിലാസ്ഥാപനം നടത്തിയത്.
- Log in to post comments