ഫിഷറീസ് മേഖലയിൽ നടക്കുന്നത് സമാനതകളില്ലാത്ത വികസനം : മന്ത്രി സജി ചെറിയാൻ
* എടവനക്കാട് മത്സ്യ ഗ്രാമം പൊതു മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
സമാനതകൾ ഇല്ലാത്ത വികസനമാണ് ഫിഷറീസ് മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മത്സ്യ തൊഴിലാളികളെ മുന്നോട്ടുകൊണ്ടുവരിക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. എടവനക്കാട് മത്സ്യ ഗ്രാമം പൊതു മാർക്കറ്റിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എടവനക്കാട് ഗ്രാമപഞ്ചായത്തിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിന് 20 കോടി രൂപ കൂടി അനുവദിക്കാൻ ശ്രമിക്കും. 55 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 35 കോടി രൂപയാണ് നിലവിൽ ജിഡ അനുവദിച്ചിട്ടുള്ളത്. എടവനക്കാട് പഞ്ചായത്തിൽ ഒട്ടേറെ പദ്ധതികൾക്ക് ഫിഷറീസ് വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ക്ലൈമറ്റ് റെസിലിയൻ്റ് കോസ്റ്റൽ ഫിഷർമെൻ്റ് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 135.00 ലക്ഷം രൂപ അടങ്കൽ തുകയിൽ ഒരു പൊതു മാർക്കറ്റ് നിർമ്മിക്കുന്നത്.
എട്ട് ലക്ഷം രൂപയുടെ ഒരു മറൈൻ ഗ്രേഡ് സോളാർ മിനി മാസ്‌റ്റ് ലൈറ്റ്, നാല് ലക്ഷം രൂപയുടെ നാല് മത്സ്യ വിൽപ്പന കിയോസ്‌കുകൾ, 36.75 ലക്ഷം ചെലവിൽ ഓരുജല മത്സ്യകൃഷി പ്രോത്‌സാഹിപ്പിക്കൽ എന്നിവയാണ് ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന മറ്റ് പദ്ധതികൾ. 305.30 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ നിർമ്മിക്കുന്ന പൊതുമാർക്കറ്റ് കെട്ടിടത്തിൽ 10 റീട്ടെയിൽ ഔട്ട്ലറ്റ്ലെറ്റുകൾ, നാല് കടമുറികൾ, പ്രിപ്പറേഷൻ മുറി, ഫ്രീസ്സർ മുറി, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും.
കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഏറ്റവും മികച്ച അഞ്ച് മണ്ഡലങ്ങളിൽ ഒന്നാണ് വൈപ്പിൻ എന്നും മന്ത്രി പറഞ്ഞു.
എടവനക്കാട് അണിയിൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി.
എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന അബ്ദുൽ സലാം, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസാ ക്ലീറ്റസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജെ ആൽബി, അജാസ് അഷറഫ്, കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ കെ.ബി. രമേഷ്, ഫിഷറീസ് വകുപ്പ് മധ്യമേഖല ജോയിന്റ് ഡയറക്‌ടർ ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments