പൊട്ടച്ചാൽ തോട് നവീകരണത്തോടെ സമീപ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും - മന്ത്രി റോഷി അഗസ്റ്റിൻ
* പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിക്ക് തുടക്കമായി
കളമശ്ശേരി നഗരത്തിലെ പൊട്ടച്ചാൽ തോടിന്റെ നവീകരണത്തോടെ സമീപപ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കളമശ്ശേരി മണ്ണോപ്പിള്ളി നഗറിൽ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കനത്ത മഴ പെയ്താൽ പൊട്ടച്ചാൽ തോടിൻ്റെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിലാണ് പ്രളയ നിവാരണ പദ്ധതി നടപ്പിലാക്കുന്നത്. ജലവിഭവ വകുപ്പ് വാട്ടർ മാപ്പിങ് നടത്തിയതിനു ശേഷം വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാർ തലത്തിൽ യോഗം ചേർന്നാണ് റീബിൽഡ് കേരളയിലൂടെ പദ്ധതിയ്ക്ക് അംഗീകാരം നൽകിയതെന്ന് മന്ത്രി പറഞ്ഞു.
കളമശ്ശേരിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.18 ലക്ഷം ലിറ്റർ വെള്ളത്തിന്റെ ക്ഷാമമാണ് നിലവിൽ കളമശ്ശേരിയിലുള്ളത്. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ പിന്തുണയോടെ നിർമ്മിക്കുന്ന 19 കോടി ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ 40 ലിറ്റർ വെള്ളം കളമശ്ശേരിക്ക് മാത്രമായി മാറ്റിവെക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു .
ചെല്ലാനം തീരത്ത് 306 കോടി രൂപയുടെ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും.
സംസ്ഥാനത്ത് അതിരൂക്ഷ കടലാക്രമണം നേരിടുന്ന പത്ത് സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി സർക്കാർ തിരിച്ചിട്ടുണ്ട്. തീരദേശ സംരക്ഷണത്തിനായി കിഫ്ബി,ലോക ബാങ്ക്,ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് എന്നിവ മുഖേന വിപുലമായ പദ്ധതികളും നടപ്പിലാക്കി വരികയാണ്. കഴിഞ്ഞ 5 വർഷം കൊണ്ട് 30 ലക്ഷം കുടുംബങ്ങൾക്കാണ് കുടിവെള്ളം ഉറപ്പാക്കിയതെന്നും മന്ത്രി സൂചിപ്പിച്ചു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി.കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒരുമിച്ച് നിന്നതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചത് .ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു
അമൃത് പദ്ധതി വഴി കുസാറ്റിൽ നിർമ്മിക്കുന്ന 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണ ഉദ്ഘാടനം ഉടൻ നിർവഹിക്കും.ടാങ്കിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതോടെ കങ്ങരപ്പടി മുതൽ തേവക്കൽ വരെയുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണൻ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഉഷാലയം ശിവരാജൻ, ജില്ലാ പ്ലാനിങ് ബോർഡ് മെമ്പർ ജമാൽ മണക്കാടൻ, മുൻ എം എൽ എ എ. എം യൂസഫ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments