Skip to main content

കേരള പുനർനിർമാണം: പൊതുശുചിത്വത്തിൽ ലക്ഷ്യമിടുന്നത് 984 കോടിയുടെ  പദ്ധതികൾ

കേരള പുനർനിർമാണത്തിൽ 984 കോടി രൂപയുടെ പൊതുശുചിത്വ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോപാർക്ക്, കേന്ദ്രീകൃത, വികേന്ദ്രീകൃത മാലിന്യ നിർമാർജന പദ്ധതികൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ, ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം, ഇ വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം, ഗ്‌ളാസ് മാലിന്യങ്ങളുടെ പുനചംക്രമണം, സർക്കാർ സ്ഥാപനങ്ങളിൽ മാലിന്യ ശേഖരണ സംവിധാനം, അജൈവമാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള കേന്ദ്രങ്ങളും യന്ത്രവത്കൃത സംവിധാനങ്ങളും പോലെയുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. 
വികേന്ദ്രീകൃത എസ്. ടി. പികൾക്കും  ഇ. ടി. പികൾക്കുമായി 362 കോടി രൂപയുടെ പദ്ധതികളും ബയോ പാർക്കുകൾക്കായി 245 കോടി രൂപയുടെ പദ്ധതികളുമാണ് സംസ്ഥാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഇവയുടെ പ്രവർത്തന മേൽനോട്ടം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള തുകയും പ്രത്യേകമായി നീക്കിവയ്ക്കാനാണ് തീരുമാനം.  സംസ്ഥാനത്തെ നഗരമേഖല 98.86 ശതമാനവും വെളിസ്ഥല വിസർജ്ജന മുക്തമായെങ്കിലും സീവേജ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളത് 20 ശതമാനം ടോയിലറ്റുകൾ മാത്രമാണ്. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഗ്രാമങ്ങളിലുമില്ല. നഗരമേഖലയിൽ 34 എസ്. ടി. പികളും ഗ്രാമീണ മേഖലയിൽ 44 എണ്ണവും സ്ഥാപിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. റീബിൽഡ് കേരള പദ്ധതിയിലൂടെ കക്കൂസ് മാലിന്യ സംസ്‌കരണത്തിന് സ്ഥിരം പരിഹാരം കാണാനാണ് ശ്രമം. 
കേരളത്തിലെ 95149 ടോയിലറ്റുകൾ പ്രളയത്തിൽ തകർന്നിരുന്നു. നാലു ലക്ഷം പേരാണ് ഇതോടെ ദുരിതത്തിലായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റിക് ടാങ്കുകളും ലീച്ച് പിറ്റുകളും പൂർണമായി തകർന്നതോടെ ടോയിലറ്റുകൾ ഉപയോഗശൂന്യമാവുകയായിരുന്നു.
പി.എൻ.എക്സ്.2377/19

date