Skip to main content

സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് :  സാധ്യതകള്‍ പ്രയോജനപ്പെടുത്തണം - ജില്ലാ കലക്ടര്‍ 

പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സേവനദാതാക്കളെന്ന നിലയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ സ്വതന്ത്ര മലയാളം കംപ്യൂട്ടിങിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു അറിയിച്ചു. ഭരണ ഭാഷാ വാരത്തോടനുബന്ധിച്ച്  കലക്ടറേറ്റ് സമ്മേളനഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 'മലയാള ഭാഷ-കംപ്യൂട്ടറിലും കടലാസിലും' വിഷയത്തില്‍ നടത്തിയ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. പൊതുജനങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കാനാണ് മാതൃഭാഷയായ മലയാളം ഔദ്യോഗിക ഭാഷയാക്കിയത്.

ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ആത്മാര്‍ഥമായ ശ്രമമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകാര്യാലയവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സര്‍ക്കാര്‍ ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ 'സൗഹൃദ' വും സംയുക്തമായാണ് പരിപാടി നടത്തിയത്. 

'മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍' വിഷയത്തില്‍ പി.ലളിത് ബാബുവും  'മലയാളം കംപ്യൂട്ടിങ് 'വിഷയത്തില്‍ സി.എന്‍.സ്റ്റാര്‍വിനും  ക്ലാസെടുത്തു.ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച ' ശ്രേഷ്ഠമെന്‍ മലയാളം' ഡോകുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് 'ഭരണഭാഷ വ്യാഖ്യാനിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ ' വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായ കുനിശ്ശേരി പാലക്കല്‍ കെ.ശരണ്യ, ചന്ദ്രനഗര്‍ 'നാരായണീയം'ത്തില്‍ റ്റി.വി.നാരായണന്‍ കുട്ടി എന്നിവര്‍ക്ക് കാഷ് അവാര്‍ഡും പുസ്തകവും ജില്ലാ കലക്ടര്‍ കൈമാറി. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി , 'സൗഹൃദം' സെക്രട്ടറി ഡേവിഡ് മാത്യൂ , ധന്യ എന്നിവര്‍ സംസാരിച്ചു. 
 

date