Skip to main content

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം: മന്ത്രി ഡോ തോമസ് ഐസക്

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതല്‍മുടക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക് പറഞ്ഞു. പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം  സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനും പശ്ചാത്തല സൗകര്യ വികസനത്തിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ക്ലാസ് മുറികള്‍ നവീകരിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും ആവശ്യമായ തുക സമാഹരിക്കാനും സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ട്. 

വിജ്ഞാനാധിഷ്ഠിത ലോകമാണ് നമ്മെ കാത്തിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ വഹിക്കുന്ന പങ്ക് വരുംവര്‍ഷങ്ങളില്‍  കൂടുതലാവും. മാനവ വിഭവശേഷിയില്‍ കേരളം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. എങ്കിലും മികവിന്റെ കാര്യത്തില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. അതിനായി സംസ്ഥാനം വിദ്യാഭ്യാസ മേഖലയില്‍ വീണ്ടും വലിയ മുതല്‍ മുതല്‍മുടക്ക് നടത്തണമെന്ന് മന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗത്ത്് ദേശീയ ശരാശരിയെക്കാള്‍ മുമ്പിലാണ് കേരളം. ഇത്തരമൊരു നിലയിലെത്താന്‍ പ്രവാസി നിക്ഷേപം സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ട് എന്നാല്‍ വിദേശത്തെ ജോലിസാധ്യത മലയാളിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ  നമ്മുടെ സംസ്ഥാനം മാനവവിഭവശേഷിയില്‍ നടത്തിയ നിക്ഷേപത്തിന്റെ ഫലമായാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അക്ഷരജ്ഞാനം പോലുമില്ലാത്ത സ്ഥിതി വിശേഷം ഇപ്പോഴുമുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരും ജനപ്രതിനിധികളും മാത്രമല്ല പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ താല്പര്യമുള്ള പൊതുജനങ്ങളും പങ്കുവഹിക്കണം. തീരദേശത്തെ  സ്‌കൂള്‍ വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പഠിപ്പിക്കുന്ന പദ്ധതി തന്റെ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷയായിരുന്നു.  ഹൈബി ഈഡന്‍ എംഎല്‍എ, കെ വി തോമസ് എംപി, എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ ഗുപ്ത, ബിപിസിഎല്‍ മാനേജിങ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പഠനത്തോടൊപ്പം കുട്ടികളില്‍ കരുതല്‍ശീലം വളര്‍ത്താനായി പ്രെ#ാഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാധനം. എസ്എസ് എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 1000 വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക്  2,500 രൂപവീതം പദ്ധതിപ്രകാരം നല്‍കും.

പഠിക്കാന്‍ മിടുക്കരായ, എന്നാല്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണ് വിദ്യാലക്ഷ്മി.  വിദ്യാലക്ഷ്മി പദ്ധതി പ്രകാരം ഈ വര്‍ഷം ആറുപേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

date