Skip to main content

24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ (06.12.19) തിരിതെളിയും

* ഒരുക്കങ്ങൾ പൂർത്തിയായതായി സാംസ്‌കാരികവകുപ്പ് മന്ത്രി
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരിയിലെ 14 തിയേറ്ററുകൾ പ്രദർശനത്തിന് സജ്ജമായി. വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണുള്ളത്. 3500 സീറ്റുകൾ ഉള്ള  നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.
സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ അപ്ളിക്കേഷനും ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമ പ്രദർശനത്തിന്റെ തലേ ദിവസം 12 മണി മുതൽ അർധരാത്രി 12 മണിവരെ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും. ക്യൂ നിൽക്കാതെ ഭിന്നശേഷിക്കാർക്കും എഴുപതു കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വനിതാ വോളന്റിയർമാരുടെ സേവനം ലഭ്യമാക്കും. പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
ചലച്ചിത്ര മേളയ്ക്ക് ഡിസംബർ ആറിന് തിരശ്ശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സെർഹത്ത് കരാസ്ളാൻ സംവിധാനംചെയ്ത 'പാസ്സ്ഡ് ബൈ സെൻസർ'  ആണ് ഉദ്ഘാടന ചിത്രം. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത്.
'മൂന്നാംലോക സിനിമ' എന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര  മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 'കൺട്രി ഫോക്കസ്' വിഭാഗത്തിൽ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേർക്കാഴ്ചയുമായി നാല്  ചൈനീസ്  ചിത്രങ്ങൾ പ്രദർശിപ്പിക്കും. 'കാലിഡോസ്‌കോപ്പ്' വിഭാഗത്തിൽ മൂത്തോൻ, കാന്തൻ എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു സിനിമകളാണുള്ളത്. 'എക്സ്പിരിമെന്റാ ഇന്ത്യ' എന്ന വിഭാഗത്തിൽ 10 പരീക്ഷണ ചിത്രങ്ങളാണുള്ളത്. വിഭജനാനന്തര യുഗോസ്ളാവിയൻ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകർഷണം. യുഗോസ്ളാവിയ, സെർബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിർമ്മിക്കപ്പെട്ട ഏഴു സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. 'കണ്ടമ്പററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ്' എന്ന വിഭാഗത്തിൽ സമകാലിക ലോക ചലച്ചിത്രാചാര്യൻമാരായ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആൻഡേഴ്സന്റെയും സിനിമകൾ പ്രദർശിപ്പിക്കും. മലയാളം റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ശാരദയുടെ 7 സിനിമകൾ പ്രദർശിപ്പിക്കും.
ചലച്ചിത്രപ്രതിഭകളായ ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മൃണാൾസെൻ, ഗിരീഷ് കർണാട് എന്നിവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. മിസ് കുമാരിയുടെയും ടി.കെ പരീക്കുട്ടിയുടെയും അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് 'നീലക്കുയിൽ' പ്രദർശിപ്പിക്കും.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തിൽ പ്രദർശന, വിപണന സൗകര്യമൊരുക്കുന്നതിനായി ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഫിലിം മാർക്കറ്റ് സംഘടിപ്പിക്കും.  ദേശീയ, അന്തർ ദേശീയതലങ്ങളിൽ സേവനം നടത്തുന്ന ഓൺലൈൻ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവൽ പ്രോഗ്രാമർമാരും സെയിൽസ് ഏജൻസികളും പങ്കെടുക്കും. 2018 സെപ്റ്റംബർ ഒന്നു മുതൽ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പൂർത്തിയായ മലയാള സിനിമകൾക്ക് ഫിലിം മാർക്കറ്റിൽ പങ്കെടുക്കാം. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.4385/19

date