Skip to main content

ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കളുടെ പ്രൈസ് മണി: മന്ത്രി റിപ്പോർട്ട് തേടി

ദേശീയ സ്‌കൂൾ കായികമേളയിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് നൽകുന്ന പ്രൈസ് മണി ലഭിച്ചില്ലെന്ന പരാതിയിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് തേടി.  2012-13 മുതൽ 2015-16 വരെയുള്ള കാലയളവിലെ കുടിശ്ശികയായ 2,54,60,000 രൂപ അനുവദിച്ച് 2018 ൽ സർക്കാർ ഉത്തരവായിരുന്നു. നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ ടി.വി. രാജേഷ് എം.എൽ.എ.യുടെ ചോദ്യത്തിന് ഉത്തരമായി വിദ്യാഭ്യാസ മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. 2016-17, 2017-18 വർഷങ്ങളിൽ മെഡൽ നേടിയ കുട്ടികൾ ഓൺലൈൻ വഴി നല്കിയ അപേക്ഷകൾ പരിശോധിച്ച് കാഷ് അവാർഡുകൾ നല്കിവരുന്നു. 2016-17 വർഷത്തിൽ അർഹത നേടിയ 91 പേർക്ക് 18,95,000 രൂപയും, 2017-18 ൽ 95 പേർക്ക് 19,15,000 രൂപയും ഇതിനകം നല്കി. അഞ്ജലി പി.ഡി.യുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് കാഷ് അവാർഡ് നല്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറ്റു കുട്ടികളുടെ അപേക്ഷ ലഭിക്കുന്ന മുറക്ക് കാഷ് അവാർഡ് നല്കുമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്.4527/19

date