Skip to main content

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം

 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 2018-19 സാമ്പത്തിക വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പദ്ധതി നിർവ്വഹണ ഏജൻസിക്കുള്ള ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (എൻ.ബി.സി.എഫ്.ഡി.സി) പുരസ്‌കാരം ലഭിച്ചു. മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെട്ടവരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആവിഷ്‌കരിച്ചിട്ടുള്ള എൻ.ബി.സി.എഫ്.ഡി.സി പദ്ധതികൾ നടപ്പിലാക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ 46 ഏജൻസികൾ മുഖേനയാണ്. ഈ 46 ഏജൻസികളുടേയും 2018-19 സാമ്പത്തിക വർഷത്തെ വായ്പാ വിതരണം, വായ്പാ തിരിച്ചടവ്, സമയബന്ധിതമായ വാർഷിക കണക്കുകളുടെ പൂർത്തീകരണം തുടങ്ങി 11 ഘടകങ്ങൾ ആധാരമാക്കി പ്രവർത്തനമികവ് അവലോകനം ചെയ്താണ് കോർപ്പറേഷനെ ഇന്ത്യയിലെ ഏറ്റവും മികച്ച പദ്ധതി നിർവ്വഹണ ഏജൻസിയായി തെരഞ്ഞെടുത്തത്. ഹിമാചൽ പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
എല്ലാ ഏജൻസികൾക്കുമായി എൻ.ബി.സി.എഫ്.ഡി.സി 5015 കോടി രൂപ വായ്പയായി വിതരണം ചെയ്തതിൽ ഏകദേശം 22 ശതമാനം തുകയും (1079 കോടി രൂപ) വിതരണം ചെയ്തത് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനാണ്.
കോർപ്പറേഷന് എൻ.ബി.സി.എഫ്.ഡി.സിയിൽ നിന്ന് 437 കോടി രൂപയും എൻ.എം.ഡി.എഫ്.ഡി.സിയിൽ നിന്ന് 337.5 കോടി രൂപയും പദ്ധതി നിർവ്വഹണത്തിന് ലഭിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 164174 ഗുണഭോക്താക്കൾക്ക് വിവിധ പദ്ധതികൾ പ്രകാരം 1612 കോടി രൂപ വിതരണം ചെയ്തു.
ജനുവരി 13ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രസർക്കാർ സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർ ചന്ദ് ഗെഹ്‌ലോട്ടിൽ നിന്നും കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷും മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്‌കരനും അവാർഡ് സ്വീകരിച്ചു. മെച്ചപ്പെട്ട ഗുണഭോക്തൃ സേവനം, കാര്യക്ഷമമായ പ്രവർത്തനം, സമ്പൂർണ്ണ ഓൺലൈൻ സംവിധാനം, ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തി, ഉയർന്ന തിരിച്ചടവ് ശതമാനം, ലാഭക്ഷമത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ഈ സർക്കാരിന്റെ കാലയളവിൽ മാത്രം കോർപ്പറേഷന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ഫ്യൂചർ കേരള ബ്രാൻഡ് അവാർഡ് 2018  പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.193/2020

date