Skip to main content

കര്‍ഷകര്‍ക്ക് കൈത്താങ്ങായി ഓണാട്ടുകര കര്‍ഷക സേവന കേന്ദ്രം

 

 

ആലപ്പുഴ: കാര്‍ഷിക സംസ്‌കാരത്തിന്റെ വീണ്ടെടുപ്പിനായി കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് ഓണാട്ടുകര കര്‍ഷക സേവന കേന്ദ്രത്തിലൂടെ ഭരണിക്കാവ് ബ്ലോക്കും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രത്തില്‍ കൃഷിയുടെ ഉന്നമനത്തിനും കര്‍ഷക സഹായത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

തൊഴിലാളികളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും ലഭ്യതക്കുറവാണ് കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. ഇതിനൊരു പരിഹാരമെന്നോണമാണ് ഓണാട്ടുകര കര്‍ഷക സേവന കേന്ദ്രം രൂപീകരിച്ചത്. കര്‍ഷക സേവന കേന്ദ്രം വഴി കൃഷിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കരണങ്ങളും കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കും. ഗ്രോ ബാഗുകളും ലഭിക്കും. കാര്‍ഷിക ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.
കൃഷി പ്രധാന വിഷയമായി വി.എച്ച്.എസ്.ഇ പൂര്‍ത്തിയാക്കിയവരെ തെരഞ്ഞെടുത്ത് കൃഷിയില്‍ പരിശീലനം നല്‍കിയാണ് കര്‍ഷക സേവന കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുള്ളത്. ഇവരെ ഉള്‍പ്പെടുത്തി കര്‍മസേനകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കാര്‍ഷിക രംഗത്തെ തൊഴിലാളികളുടെ ലഭ്യത കുറവ് ഇതിലൂടെ കുറയ്ക്കാനും സാധിക്കുന്നു.

അടുത്ത ഘട്ടത്തില്‍ സ്വന്തമായി ചെറു റൈസ് മില്ല്, വിത്ത് ഉല്‍പാദന യൂണിറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക ഉപകരണങ്ങള്‍, വിത്തുകള്‍, യന്ത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിലൂടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ക്ക് കൈത്താങ്ങാവാന്‍ കര്‍ഷക സേവന കേന്ദ്രം വഴി സാധിക്കുമെന്ന് ചാരുമൂട് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ കെ. നായര്‍ പറഞ്ഞു.

 

date