Skip to main content

സ്വപ്ന സാക്ഷാത്കാരമായ് കുരിഞ്ഞയക്കൽ പാലം ഉദ്ഘാടനം മാർച്ചിൽ

തൃശൂർ അയ്യന്തോൾ പുഴയ്ക്കൽ തോടിന്റെ വലത് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കുരിഞ്ഞയക്കൽ തുരുത്ത് നിവാസികൾക്ക് സ്വപ്ന സാക്ഷാത്കരമായി പാലം നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിൽ. പുഴയ്ക്കൽ തോടിനു കുറുകെ ഒരു പാലം എന്നത് തുരുത്ത് നിവാസികളുടെ കലാകാലമായുള്ള ആഗ്രഹമായിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാൻ മുൻ കയ്യെടുത്തത് കൃഷി മന്ത്രി അഡ്വ വി എസ് സുനിൽകുമാറും. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പാലം നിർമ്മാണത്തിന് ആവശ്യമായ പ്രൊജക്റ്റ് സമർപ്പിച്ച കെ എൽ ഡി സി ക്ക് 4 കോടി 97 ലക്ഷം രൂപയുടെ നിർമാണ അനുമതി ലഭിച്ചു. 22 മീറ്ററിന്റെ മൂന്ന് സ്പാനുകളോടു കൂടിയ പാലമാണ് നിർമ്മിച്ചിട്ടുള്ളത്. പാലത്തിന് 66 മീറ്റർ നീളമുണ്ട്. പാലത്തിന്റെ ഇരു വശങ്ങളിലും അധിക നടപ്പാതകളുണ്ട്. ഒരു വിനോദ സഞ്ചാര മേഖലയായി ഈ പ്രദേശത്തെ ഉയർത്താൻ സാധിക്കുമെന്നതിനാൽ മതിയായ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. ഏകദേശം 90% പണികൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞു. അപ്രോച്ച് റോഡ്, വിങ് വാൾ എന്നുവയുടെ പണിയും തീർന്നാൽ മാർച്ചിൽ തന്നെ ഈ പാലം തുരുത്ത് നിവാസികൾക്കായി സമർപ്പിക്കും. ഈ തുരുത്തിൽ കഴിയുന്നവർ പെരും മഴയത്തും വെള്ളപ്പൊക്കത്തിലും തോണിയിലും മറ്റുമാണ് പോയിരുന്നത്. കുട്ടികൾ സ്‌കൂളിൽ പോകാൻ പാടുപെട്ടിരുന്നതും ഇനി പഴങ്കഥയാകും.

date