Skip to main content

മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കലാജാഥ

പുന്നപ്ര : മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികൾക്കെതിരെയുള് ഉണർത്തുപാട്ടായി കലാജാഥ. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ഇന്ത്യ എന്ന റിപ്പബ്ലിക്ക് --ഭരണ ഘടന സാക്ഷരത പദ്ധതി'  കലാജാഥയാണ് നാടിന് ഉണർത്തുപാട്ടുയർത്തത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 6 വനിതകളുൾപ്പടെ 20 ഓളം കലാകാരന്മാരാണ് കലാജാഥയിൽ അണിനിരന്നത്. 

ഇന്ത്യൻ ഭരണഘടനയുടെ മഹത്വം ഉദ്ഘോഷിക്കുന്ന സംഗീത ദൃശ്യവിഷ്കാരം,  മഹാത്മാഗാന്ധിയുടെ ജീവിതവും സമരവും ചിത്രീകരിക്കുന്ന നാടക ദൃശ്യാവിഷ്കാരവും,  മതനിരപേക്ഷതയെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുക എന്ന സന്ദേശമുണർത്തുന്ന ദൃശ്യാവിഷ്‌കാരം, എൻ എസ് മാധവൻ രചിച്ച ബോംബെ എന്ന കഥയുടെ നാടകാവിഷ്കാരം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി ജയചന്ദ്രൻ തകഴിക്കാരന്റെ ഒറ്റയാൾ നാടകം, സുഗതകുമാരിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം, ഗാന്ധാരി വിലാപം എന്നിവയാണ് ഭരണഘടനാ സംരക്ഷണ കലാജാഥയിൽ അവതരിപ്പിക്കപ്പെട്ടത്.

തൃശൂർ ജനനയനയുടെ ഈ കലാജാഥയുടെ  സംവിധാനം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവീധാനത്തിൽ ബിരുദം നേടിയ കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം കൂടിയായ  അഡ്വ വി ഡി പ്രേം പ്രസാദ് ആണ്.  മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചുവെന്ന  കാർത്തികേയൻ എങ്ങണ്ടിയൂരിന്റെ
ഗാനാലാപനത്തോടെ ആരംഭിച്ച കലാജാഥയിൽ പാട്ടു പാടുന്ന അതേ സമയം തന്നെ ഭരണഘടന ശില്പി ബി ആർ അംബേക്കറുടെ ചിത്രരചനയും നടത്തി. വാർഡ് മെമ്പർ മേഴ്‌സി അലോഷ്യസ്  സാക്ഷരത പ്രേരക്കുമാരും ചേർന്ന് പുന്നപ്ര   വിജ്ഞാനപ്രദായി ഗ്രന്ഥശാല അങ്കണത്തിൽ വെച്ച്  ചേർന്ന സ്വീകരണ സമ്മേളനത്തിൽ ചിത്രമേറ്റുവാങ്ങി.

 ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മണി വിശ്വനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ ഭുവനചന്ദ്രൻ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ് , സാക്ഷരത മിഷൻ അസ്സിസ്റ്റന്റ് ഡയറക്ടർ സന്ദീപ് ചന്ദ്രൻ,  സാക്ഷരത മിഷൻ ജില്ല  കോഓർഡിനേറ്റർ എസ് പി ഹരിഹരൻ ഉണ്ണിത്താൻ, ആർ റെജിമോൻ ഗ്രന്ഥശാല പ്രസിഡന്റ്‌ കെ ആർ തങ്കച്ചൻ, സാക്ഷരത മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ ആർ  സിംല, ഷാജി ഗ്രാമദീപം എന്നിവർ സംസാരിച്ചു. 

date