Skip to main content

ഭൂരേഖ ആധുനികവത്ക്കരണം- ദേശീയ സെമിനാറിന് തുടക്കമായി;  മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ സർവ്വെ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ നവീകരണ പ്രവർത്തനങ്ങൾ വിവര സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ദേശീയ  സെമിനാറിന് തുടക്കമായി. മാസ്‌ക്കറ്റ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന സെമിനാർ പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി മുന്നേറുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും നിരവധി ജനങ്ങൾ ഇന്നും ഭൂരഹിതരായി കഴിയുന്നുവെന്നും കേരളത്തിൽ ഭൂപരിഷ്‌കരണത്തിലൂടെ ഇതിന് വലിയ അളവിൽ പരിഹാരം കാണാനായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളവയാണ്. അതു കൊണ്ടു തന്നെ ഭൂരേഖ സംബന്ധിച്ച വിഷയങ്ങളിൽ ജനങ്ങൾക്ക് ഏറെ ആശങ്കയുണ്ട്. ഇത് കണക്കിലെടുത്ത് സർവ്വെ നടപടികൾ കൂടുതൽ സുതാര്യമാകേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കുമ്പോൾ ഈ രംഗത്തുണ്ടാകുന്ന അഴിമതി ഭൂരിഭാഗവും ഒഴിവാക്കാനാകും. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ സോഫ്റ്റ്വെയർ സംവിധാനം ഈ രംഗത്ത് മികച്ച രീതിയിൽ ഉപയോഗിച്ചു വരുന്നു. ഇന്റർനെറ്റ് സംവിധാനമുള്ള ഏതൊരാൾക്കും ഭൂമി രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനാകും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ സർവ്വേ, ഭൂരേഖ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം കൂടുതൽ മികവുറ്റതും സുതാര്യവുമാകുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ സർവ്വെ നടപടികൾ പൊതുവെ ശ്രമകരമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഉപഗ്രഹം അടിസ്ഥാനമാക്കിയ സർവ്വെ രീതി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. പ്രതികൂലമായ കാലവസ്ഥ സർവ്വെ നടപടിക്രമങ്ങളെ ബാധിക്കുന്നുണ്ട്. ഭൂപരിഷ്‌കരണം കേരളത്തിൽ അർത്ഥവത്തായി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സർവ്വെ, റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂരേഖയുമായി ബന്ധപ്പെട്ട ഡിജിറ്റൽ സംയോജനം, ആധുനിക സർവെ രീതികൾ, ഫലപ്രദമായ സർവെ സെറ്റിൽമെന്റ് രീതികൾ, ഭൂരേഖകൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനവലംബിക്കുന്ന നൂതന മാർഗങ്ങൾ, ഐ.ടി. അധിഷ്ഠിത ഭൂരേഖ പദ്ധതികൾ എന്നിവ സെമിനാറിൽ ചർച്ചാ വിഷയമായി. സർവ്വെ രംഗത്ത്  മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്രസർക്കാർ, ലോകബാങ്ക് പ്രതിനിധികൾ എന്നിവർ വിഷയാവതരണം നടത്തി. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗോവ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങിൽ നിന്നുള്ള പ്രതിനിധികളും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർട്ട് ഗവേണൻസ,് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ, നാഷണൻ ഇ-ഗവേണൻസ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സെമിനാറിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് സമാഹാരം പുറത്തിറക്കും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, ടാക്സസ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗ്, ഡോ.എ. കൗശികൻ, എ.അലക്സാണ്ടർ,  സർവ്വെ ആന്റ് ലാൻഡ് റെക്കോർഡ്സ്  ഡയറക്ടർ വി.ആർ. പ്രേംകുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലത, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്.603/2020

date