ജില്ലയില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ സജീവം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവിന് ശേഷം ജില്ലയില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ സജീവമാകുന്നു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ നിലവിലെ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടുകളായ കുഴല്‍മന്ദം, തേങ്കുറിശ്ശി പഞ്ചായത്തുകളില്‍ ഒഴികെ 86 പഞ്ചായത്തുകളിലും തൊഴിലുറപ്പ് പ്രവൃത്തികള്‍ ആരംഭിച്ചു.
സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചും ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. കോവിഡ് 19 പ്രതിരോധ നിര്‍ദേശത്തിന്റെ ഭാഗമായി 60 വയസ്സിന് മുകളിലുള്ള തൊഴിലാളികളെ നിലവിലെ പ്രവൃത്തികളില്‍ നിന്നും പൂര്‍ണമായി മാറ്റി നിര്‍ത്തിയിട്ടുണ്ട്.
ഒന്നാംഘട്ട ലോക്ക് ഡൗണിനു ശേഷം ഏപ്രില്‍ 22 മുതല്‍ ജില്ലയില്‍ തൊഴിലുറപ്പ് പ്രവൃത്തികള്‍ ഭാഗികമായി ആരംഭിച്ചെങ്കിലും രണ്ടാംഘട്ടത്തിന് ശേഷമാണ് പൂര്‍ണമായും എല്ലാ പഞ്ചായത്തുകളിലും പ്രവൃത്തികള്‍ സജീവമായത്.
മഴക്കാലത്തിനു മുന്നോടിയായി മഴക്കുഴികള്‍ നിര്‍മ്മിക്കല്‍, മഴക്കാലപൂര്‍വ്വ ശുചീകരണം, കുളങ്ങള്‍, പരമ്പരാഗത ജലസ്രോതസ്സുകള്‍, ബ്രഷ് വുഡ് (മരക്കഷ്ണങ്ങള്‍ ഉപയോഗിച്ചുള്ള തടയണ നിര്‍മാണം), ചെക്ക്ഡാം, കല്ലുകൊണ്ടുള്ള തടയണകള്‍ എന്നിവയുടെ നിര്‍മ്മാണം, കിണര്‍ നിര്‍മാണം, പുഴയുടെ തീരങ്ങള്‍ സംരക്ഷിക്കല്‍, കനാലുകള്‍ വൃത്തിയാക്കല്‍, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു നദീതീരങ്ങള്‍ സംരക്ഷിക്കല്‍, പച്ചത്തുരുത്ത് നിര്‍മ്മാണം, അഴുക്കുചാലുകള്‍ വൃത്തിയാക്കല്‍, കിണര്‍ റീചാര്‍ജിങ് തുടങ്ങിയ പ്രവൃത്തികളാണ് നിലവില്‍ ചെയ്യുന്നത്. ഒരു പ്രവൃത്തിയില്‍ പരമാവധി 20 പേരെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവര്‍ അഞ്ചുപേരടങ്ങുന്ന നാല് ഗ്രൂപ്പുകളായി മാറി കൃത്യമായ അകലം പാലിച്ചാണ് ജോലിചെയ്യുന്നത്.
ജില്ലയിലെ 86 പഞ്ചായത്തുകളിലെ 2247 തൊഴിലിടങ്ങളിലായി 17171 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്കുള്ള മാസ്‌ക്കുകള്‍ അതത് ഗ്രാമ പഞ്ചായത്തുകളാണ് നല്‍കുന്നത്. ഇതിനായി പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വരെ വിനിയോഗിക്കാം. ഈ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീകള്‍ വഴിയാണ് പഞ്ചായത്തുകള്‍ മാസ്‌കുകള്‍ വിതരണം ചെയ്യുന്നത്. സാനിറ്റൈസര്‍, സോപ്പ്, ഹാന്‍ഡ് വാഷ് എന്നിവ എന്‍.ആര്‍. ഇ. ജി. എസ് ഫണ്ടുപയോഗിച്ച് തൊഴിലാളികള്‍ക്ക് നേരിട്ട് നല്‍കുന്നുണ്ടെന്ന് എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments