Skip to main content

ഇളമണ്ണൂര്‍ -കലഞ്ഞൂര്‍-പാടം റോഡ് നിര്‍മാണം വേഗമാക്കാന്‍ എംഎല്‍എയുടെ നിര്‍ദേശം

ഇളമണ്ണൂര്‍ -കലഞ്ഞൂര്‍-പാടം റോഡ് നിര്‍മാണം കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും, ഉയര്‍ന്നു വന്ന പരാതികള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കാനുമാണ് എംഎല്‍എ എത്തിയത്.
       12.4 കിലോമീറ്റര്‍ നീളമുള്ള റോഡാണിത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപ മുടക്കി ബി.എംആന്‍ഡ് ബി.സി നിലവാരത്തിലാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്. റോഡില്‍ മൂന്ന് വലിയ പാലം, മൂന്നു ചെറിയപാലം, 12 പൈപ്പ് കള്‍വര്‍ട്ട് തുടങ്ങിയവയുടെ നിര്‍മാണവും നടക്കുന്നു.
          4.2 കിലോമീറ്റര്‍ ദൂരം വരുന്ന ഇളമണ്ണൂര്‍ -കലഞ്ഞൂര്‍ ഭാഗത്ത് തിങ്കളാഴ്ച തന്നെ ടാറിംഗ് ആരംഭിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. വാഴപ്പാറ പാലത്തിന്റെ കോണ്‍ക്രീറ്റിംഗും ഉടന്‍ നടത്തണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് പറഞ്ഞു. കലഞ്ഞൂര്‍-പാടം ഭാഗത്ത് പാലങ്ങളുടെയും, കലുങ്കിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി അവിടെയും ടാറിംഗ് നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
    കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.റസീന, അസിസ്റ്റന്റ് എഞ്ചിനീയര്‍ മുരുകേഷ് കുമാര്‍, ഓവര്‍സിയര്‍ അജീഷ്, കോണ്‍ട്രാക്ടര്‍ പ്രസാദ് മാത്യു, സിപിഐ (എം) നേതാക്കളായ കെ.കെ.ശ്രീധരന്‍, എസ്.രാജേഷ്, സോനു പാലമല എന്നിവര്‍ സന്നിഹിതരായിരുന്നു.
 

date