Skip to main content

വേനല്‍മഴ: ഡെങ്കിപ്പനി മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് ഇന്ന് ദേശീയ ഡെങ്കിദിനം (മെയ്-16)

 

'ഡെങ്കി പ്രതിരോധത്തിന് കാര്യക്ഷമമായ സാമൂഹിക പങ്കാളിത്തം' എന്ന സന്ദേശവുമായി ഇന്ന് (മെയ്-16) ദേശീയ ഡെങ്കിദിനമായി ആചരിക്കുന്നു. കോവിഡ്-19 ഭീഷണികള്‍ക്കിടയില്‍ വേനല്‍മഴയും ചേര്‍ന്നതോടെ കര്‍ശന ജാഗ്രത നിര്‍ദേശങ്ങളാണ് ഇത്തവണ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് നല്‍കുന്നത്. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകളുടെ പ്രജനനം വര്‍ധിക്കാനിടയാക്കുന്ന സാഹചര്യങ്ങള്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിസരങ്ങളില്‍ ഇല്ലാതാക്കാക്കുകയാണ് രോഗം തടയുന്നതിനുള്ള ഏക പോംവഴി.  

വേനല്‍മഴയില്‍ ഈഡിസ് കൊതുകളുടെ പ്രജനനം വര്‍ധിക്കുന്നത് തടയുന്നതിനായി ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ടതുണ്ട്. ഞായറാഴ്ചകളില്‍ ഡ്രൈ ഡേ ആചരണം നിര്‍ബന്ധമായും നടത്തണം. വീടുകളില്‍ കൊതുക് പെറ്റുപെരുകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളും ആഴ്ചയില്‍ ഒരു ദിവസം പരിശോധന നടത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. 

റബ്ബര്‍, കവുങ്ങ്, കൈതച്ചക്ക തോട്ടങ്ങളിലെ ഉറവിടങ്ങള്‍ നീക്കം ചെയ്യുന്നതിന് വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ സാമൂഹിക പങ്കാളിത്തത്തോടെ ഊര്‍ജ്ജിത ശ്രമം നടത്തണം. പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും പരിസരങ്ങളിലും കൊതുക് പെരുകാനിടയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യണം. ടയര്‍ പഞ്ചര്‍ കടകള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളിലും പ്രത്യേക പരിശോധന നടത്തി പ്രജനന സാധ്യതകള്‍ ഇല്ലാതാക്കേണ്ടതാണ്. ഊര്‍ജ്ജിത ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും നടത്തി ഡെങ്കി വിപത്തിനെ ഇല്ലാതാക്കാന്‍ ഏവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
 

date