Skip to main content

സുഭിക്ഷ കേരളം പദ്ധതി; പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം 56 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

 

ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനം നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ തരിശ് ഭൂമിയെയും കൃഷിയോഗ്യമാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ഉത്പാദന മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിയുന്ന സമഗ്ര പദ്ധതിയാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നത്. ദുരന്തനിവാരണത്തിനായും കാര്യക്ഷമമായപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് 56 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രൊജക്ടുകള്‍ക്കും സമിതി അംഗീകാരം നല്‍കി.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്ക് വ്യവസായ വകുപ്പും പദ്ധതിയുമായി യോജിച്ച് നീങ്ങും. പദ്ധതി നടപ്പിലാവുന്നതിന് മുന്‍പ് തന്നെ തരിശ്ഭൂമി ഉള്‍പ്പടെയുള്ളവയില്‍ വലിയ തോതില്‍ കൃഷി ഇറക്കിയ കര്‍ഷകരെയും സംഘങ്ങളെയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതാത് വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.

 ജില്ലാ കലക്ടര്‍ സാംബശിവറാവു, പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത, ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date