Skip to main content

മഴക്കെടുതി: പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

 

 

മഴക്കെടുതി നേരിടുന്നതിന്  പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും  2018, 2019 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും 'ഓറഞ്ച് ബുക്ക് 2020' ല്‍ വള്‍നറബിള്‍ ഗ്രൂപ്പില്‍ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന  ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍  തയ്യാറാവുകയും വേണം.  പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jp-g എന്ന ലിങ്കില്‍   ലഭ്യമാണ്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലും 2019 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.  ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jp-g എന്ന ലിങ്കില്‍ ലഭിക്കും.  ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കേണ്ട വിധവും നടത്തേണ്ട വിധവും എങ്ങനെയെന്ന് ഓറഞ്ച് ബുക്ക് 2020 ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

date