Skip to main content

അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍

 

 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങളള്‍  നിര്‍ത്തരുത്.  മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.  ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്.  പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കലും കാഴ്ച കാണലും കൂട്ടം കൂടലും ഒഴിവാക്കുക.  പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.   ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്കുക.  ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ തിരുവനന്തപുരം, ആലപ്പുഴ,  തൃശൂര്‍,  കോഴിക്കോട് നിലയങ്ങള്‍  റേഡിയോയില് ശ്രദ്ധിക്കുക

ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാന്‍ ശ്രമിക്കുക. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.  ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.  ജില്ലാ എമെര്‍ജന്‍സി ഓപ്പറേഷന്‌സ് സെന്റര് നമ്പരുകള്‍  1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക.  പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക.  വീട്ടില്‍ അസുഖമുള്ളവരോ അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.   വെള്ളം വീട്ടില്‍ കയറിയാലും നശിക്കാത്ത തരത്തില്‍ വൈദ്യുതോപകരണങ്ങള്‍ ഉയരത്തില്‍ വെക്കുക.  വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങള്‍ക്ക് പൊതുവില്‍ നീന്താന്‍ അറിയുമെന്നോര്‍ക്കുക.  വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുക.
താഴ്ന്ന പ്രദേശത്തെ ഫ്‌ലാറ്റുകളില്‍ ഉള്ളവര്‍ ഫ്‌ലാറ്റിന്റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.  രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ മാത്രം ദുരിതാശ്വാസ സഹായം നനല്‍കുവാന്‍ പോകുക. മറ്റുള്ളവര്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക.  ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാല്‍ പരമാവധി പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ട്  മോശം സ്ഥിതികളെ   അതിജീവിക്കാം.
മഞ്ഞ, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ ഓരോ സര്‍ക്കാര്‍ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച 'ഓറഞ്ച് പുസ്തകം 2020'  ല്‍ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ  https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf എന്ന ലിങ്കില്‍ ലഭ്യമാണ്. മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള പൊതു വിവരങ്ങള്‍ക്ക് അധ്യായം ഒന്ന് കാണുക. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് അധ്യായം 5 ആശ്രയിക്കുക.

date