Skip to main content

ജില്ലാതല നടീലുദ്ഘാടനം ജൂണ്‍ 5 ന് തെക്കുംതറയില്‍

      സംസ്ഥാന സര്‍ക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിലൊന്നായ ഒരുകോടി ഫല വൃക്ഷത്തൈകളുടെ നടീലുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഉച്ചക്ക് 2 ന് വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറ പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് ജില്ലാതല നടീലുദ്ഘാടനം നടത്തും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, കല്‍പറ്റ ബ്‌ളോക്ക് പ്രസിഡന്റ് ഉഷാ തമ്പി, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. നാസിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
        തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ആര്‍.എ.ആര്‍.എസ്. അമ്പലവയല്‍, വനം വകുപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൃഷിഭവനുകള്‍ വഴിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജൂണ്‍ 5 മുതല്‍ സപ്തംബര്‍ വരെ രണ്ടു ഘട്ടങ്ങളിലായാണ് ഫലവൃക്ഷ തൈകള്‍ വിതരണം നടത്തുക. പൊതു സ്ഥലങ്ങള്‍, പാതയോരങ്ങള്‍, വിദ്യാലയ വളപ്പുകള്‍, ഓഫീസുകളുടെ വളപ്പുകള്‍, വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുക. തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കുന്ന കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്‌ളബ്ബുകള്‍,സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് തൈകള്‍ നല്‍കും. നട്ട് പരിപാലിക്കുന്ന ചുമതലയും അവര്‍ക്കാണ്. തൈകള്‍ സൗജന്യമായും ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റുകള്‍, ബഡ്ഡുകള്‍, ലെയറുകള്‍ ടിഷ്യുക്കള്‍ച്ചര്‍ തൈകള്‍ എന്നിവ 25 ശതമാനം വില ഈടാക്കിയുമാണ് നല്‍കുക. ആര്‍.എ.ആര്‍.എസ്. അമ്പലവയല്‍,വിഎഫ്.പി.സി.കെ, അഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മുഖേന മാംഗോസ്റ്റീന്‍, അവക്കാഡോ,ചെറുനാരങ്ങ, പാഷന്‍ ഫ്രൂട്ട്, റോസ് ആപ്പിള്‍, ഞാലിപൂവന്‍ കന്നുകള്‍, പ്ലാവ്, മുരിങ്ങ, പപ്പായ എന്നീ ഇനങ്ങളിലായി രണ്ടര ലക്ഷം തൈകളാണ് വയനാട് ജില്ലയില്‍  വിതരണം ചെയ്യുക.
 

date