പട്ടികവർഗ്ഗ കോളനികളിലെ കുട്ടികൾക്കായി പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 100 ടിവികൾ
ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ പട്ടിക വർഗ കോളനികളിലേക്ക് ഗ്രാമപഞ്ചായത്ത് വകുപ്പിലെ ജീവനക്കാർ നൽകുന്ന 100 ടി വി ചലഞ്ചിന്റെ വിതരണോദ്ഘാടനം ജില്ലാ കളക്ടറുടെ ചേംബറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന യു പിക്കാണ് ആദ്യ ടി വി നൽകിയത്. നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആർ രജിത്തും ടി വി ഏറ്റു വാങ്ങി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ആറ് ഓഡിറ്റ് യൂണിറ്റുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെ ജീവനക്കാർ സംഭാവന നൽകിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. ജില്ലയിലെ പിന്നോക്കം നിൽക്കുന്നതും പഠനസൗകര്യം ഇല്ലാത്തതുമായ കോളനികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് സഹായം നൽകുന്നത്. ഇതോടൊപ്പം പഴയന്നൂർ തേക്കിൻകാട് പട്ടികജാതി കോളനി, കൈപ്പമംഗലം അയിരൂർ കോളനി, എറിയാട് എസ് സി സാംസ്കാരികനിലയം, ആളൂർ പഞ്ഞപ്പള്ളി കോളനികളിലേക്കും ടിവി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തുകളിൽ പഠനസൗകര്യം കുറവുള്ള വിദ്യാർത്ഥികൾക്ക് മറ്റു സന്നദ്ധ സംഘടനകളും, വ്യക്തികളും ടിവി നൽകുവാൻ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരണസമിതികളും സെക്രട്ടറിയും ജീവനക്കാരും സംഭാവന നൽകുവാൻ മുന്നോട്ട് വരുന്നുണ്ട്.
സൗകര്യപ്രദമായ അങ്കണവാടികളിലോ, പൊതുജന കേന്ദ്രങ്ങളിലോ ആണ് ടി വി സ്ഥാപിക്കുക. ജൂൺ മാസത്തിൽ തന്നെ അവശേഷിക്കുന്ന ടിവികളും വിതരണം ചെയ്യും. ചടങ്ങിൽ ജില്ലാ കളക്ടർ എസ് ഷാനവാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ് എ വി, എ ഡി പി പ്രസാദ് പി ടി എന്നിവർ പങ്കെടുത്തു.
- Log in to post comments