Skip to main content

ഉൾനാടൻ മത്സ്യബന്ധനത്തിന് നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ്

മഴക്കാലത്ത് പാടശേഖരങ്ങളിലും തോടുകളിലും വ്യാപകമായി നടക്കുന്ന മത്സ്യബന്ധനത്തിൽ നിയന്ത്രണവുമായി ഫിഷറീസ് വകുപ്പ.് പ്രജനന സമയമായതിനാൽ മുട്ടയിടാറായ മത്സ്യങ്ങളാണ് കൂട്ടമായി താഴ്ച്ച കുറവുള്ള സ്ഥലം തേടി പാടശേഖരങ്ങളുടെ ഓരങ്ങളിൽ എത്തുന്നത്. അവയെ പിടിക്കുന്നത് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്. ഇക്കാര്യത്തിലെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഫിഷറീസ് വകുപ്പ് മത്സ്യബന്ധന-മത്സ്യകൃഷി നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്നത്.
തൃശൂർ ജില്ലയിൽ തന്നെ നൂറോളം ജനുസ്സിൽപ്പെടുന്ന ഉൾനാടൻ മത്സ്യയിനങ്ങൾ കണ്ടുവരുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഒറ്റയ്ക്കോ കൂട്ടമായോ വരുന്ന അത്തരം മത്സ്യങ്ങളെ പിടിച്ചെടുക്കുന്ന രീതിയാണ് നിലവിൽ കണ്ടുവരുന്നത്. വൈദ്യുതി ഉപകരണങ്ങളും വിഷാംശങ്ങളും സ്ഫോടകവസ്തുക്കൾ മത്സ്യങ്ങളെ കൂട്ടക്കുരുതി നടത്തി പിടിച്ചെടുക്കുന്നവരുമുണ്ട്. കാലക്രമത്തിൽ മത്സ്യ സമ്പത്തിന്റെ സമ്പൂർണ്ണ നാശത്തിലേക്കാണ് ഇവ വഴി വയ്ക്കുന്നതെന്ന് ഫിഷറീസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മത്സ്യബന്ധന ഉരുക്കൾ, സ്വതന്ത്ര വലകൾ, സ്ഥാപന വലകൾ, അക്വാകൾച്ചർ പ്രദേശം, ചെമ്മീൻവാറ്റ് പ്രദേശങ്ങൾ, ഹാച്ചറികൾ എന്നിവ നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിച്ച് ലൈസൻസ് എടുക്കേണ്ടതാണ്. 2010 ലെ കേരള ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം ലൈസൻസ് ഇല്ലാതെയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഏതൊരു സ്വകാര്യ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശം അവയുടെ ഉടമയിൽ നിക്ഷിപ്തമായിരിക്കുന്നതും അത്തരം പ്രദേശങ്ങൾ ഉടമസ്ഥർക്കോ വ്യക്തികൾക്കോ സംഘങ്ങൾക്കോ മത്സ്യത്തൊഴിലാളികൾക്കോ പാട്ടത്തിന് നൽകാവുന്നതുമാണ്.
രാത്രികാലങ്ങളിൽ മത്സ്യങ്ങളെ ആകർഷിച്ചു പിടിക്കുന്നതിനായി 100 വാട്ട്സിൽ കൂടുതൽ ശക്തിയുള്ള വിളക്കുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ പാടില്ല. സഞ്ചാരത്തിന് തടസ്സമാകുന്ന രീതിയിലോ ജലാശയത്തിലെ പകുതിയിലധികം ഭാഗം തടസ്സപ്പെടുന്ന വിധമോ മത്സ്യബന്ധനം പാടുള്ളതല്ല. കൂടാതെ കണ്ടൽ പ്രദേശങ്ങൾ, തണ്ണീർത്തടങ്ങൾ, വനപ്രദേശങ്ങൾ എന്നിവയിലും മത്സ്യബന്ധനത്തിന് അനുവാദമില്ല. പാരിസ്ഥിതിക അവസ്ഥയ്ക്ക് തടസമാകുന്ന വിധത്തിൽ വലകളിൽ യന്ത്രവൽക്കരണം നടത്താൻ പാടില്ലാത്തതാണ്. നിയമലംഘനം ശിക്ഷാർഹവും അത്തരക്കാർക്കെതിരെ പിഴ ഈടാക്കുന്നതുമാണെന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date