പ്രളയ രക്ഷാപ്രവര്‍ത്തനം: ജില്ലാ പഞ്ചായത്തിന്റെ രണ്ട് രക്ഷാബോട്ടുകള്‍ കൈമാറി
പ്രളയ ദുരന്ത നിവാരണത്തിന് കരുത്തേകാന്‍ അഗ്നി രക്ഷാസേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകള്‍. ജലവിതാനത്തിന് മുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ രണ്ടു രക്ഷാബോട്ടുകളാണ് ജില്ലാപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയില്‍ വാങ്ങി നല്‍കിയത്. നാട് അഭിമുഖീകരിച്ച രണ്ട് പ്രളയത്തിലും ബോട്ടുകളടക്കമുള്ള സംവിധാനങ്ങള്‍ ഇതര ജില്ലകളില്‍ നിന്നുമാണ് എത്തിയത്. മഴക്കാലമായതോടെ വെള്ളം കയറി ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിലേക്ക് ഇനി മുതല്‍ ഈ ഡിങ്കി ബോട്ടുകള്‍ കുതിച്ചെത്തും. എട്ടു മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്നതും എഞ്ചിന് ഘടിപ്പിക്കാവുന്നതുമാണ് ഈ ബോട്ടുകള്‍. കുത്തൊഴുക്കിലൂടെ മുന്നേറി അതിവേഗ രക്ഷാ പ്രവര്‍ത്തനത്തിന് ഈ ബോട്ടുകള്‍ ഉപയോഗിക്കാം. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പം കഴിയും. ഏഴര ലക്ഷം രൂപ വീതം ചെലവ് വരുന്ന ബോട്ടുകളും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും മഹാരാഷ്ട്രയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിച്ചത്.
സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി സംസ്ഥാനത്ത് ആദ്യത്തെ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിച്ചത് വയനാട് ജില്ലാപഞ്ചായ ത്താണ്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകം ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതിയ്ക്ക് 25 ലക്ഷം രൂപയാണ് വയനാട് ജില്ലാ പഞ്ചായത്ത് നീക്കിവെച്ചത്. അഞ്ഞൂറോളം പേരാണ് നിലവില്‍ ജനകീയ ദുരന്ത നിവാരണ സേനയിലുളളത്. ഇവര്‍ക്ക് അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ബോട്ടുകളും വിവിധ ഉപകരണങ്ങളും പദ്ധതിയിലൂടെ വാങ്ങി നല്‍കുന്നതിന്റെ ഭാഗമായാണ് അഗ്നി ശമന രക്ഷാ സേനയ്ക്ക് ബോട്ടുകള്‍ നല്‍കിയത്.
- Log in to post comments