Skip to main content

കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

പൊന്നാനി നഗരസഭയുടെ കീഴില്‍ സജ്ജമാക്കിയ കോവിഡ്  ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റലിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 25 പുരുഷന്മാര്‍ക്കും 25 സ്ത്രീകള്‍ക്കുമായി 50 ബെഡുകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാണ് നഗരസഭയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. നാല് ഡോക്ടര്‍മാര്‍, എട്ട് സ്റ്റാഫ് നേഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ ടീം കേന്ദ്രത്തില്‍ ചുമതലയേറ്റിട്ടുണ്ട്. ഓക്‌സിജനടക്കമുള്ള സജീകരണങ്ങളും ചികിത്സ നല്‍കുന്നതിനായി സെന്ററിലുണ്ടാകും.

കോവിഡ് പോസിറ്റീവായവരില്‍ രോഗലക്ഷണങ്ങളും ശാരീരിക പ്രയാസങ്ങളും അനുഭവിക്കപ്പെടുന്നവര്‍ക്ക് പ്രാഥമിക ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ സ്റ്റെബലൈസേഷന്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സ്റ്റെബലൈസേഷന്‍ കേന്ദ്രത്തിലെ ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശനം നല്‍കുക.
കോവിഡ് പോസിറ്റീവായ വീടുകളില്‍ ക്വാറന്റൈയിന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി ഐ.സി.എസ് ആറില്‍ ഡൊമിസൈല്‍ കെയര്‍ സെന്റര്‍ ഇതിനോടകം നഗരസഭ  ആരംഭിച്ചിട്ടുണ്ട്.

കോവിഡ് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷീനാസുദേശന്‍, രജീഷ് ഊപ്പാല, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ്, എഞ്ചിനീയര്‍ സുജിത്ത് ഗോപിനാഥ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍, ആശുപത്രി ഡോക്ടര്‍മാരായ ഷമീല്‍, സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date