Skip to main content

ശിശുസൗഹൃ അന്തരീക്ഷം ഉറപ്പു വരുത്തി സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ വരവേല്‍ക്കണം

മാസങ്ങള്‍ നീണ്ട അടച്ചിടലിനൊടുവില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്കെത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാലയങ്ങള്‍ സജ്ജമാക്കണമെന്ന് നിര്‍ദേശം. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. എല്ലാ വിദ്യാലയങ്ങളിലെയും അറ്റകുറ്റപ്പണികളും, ശുചീകരണ പ്രവര്‍ത്തനങ്ങളും ഒക്ടോബര്‍ 25ന് മുന്‍പ് പൂര്‍ത്തിയാക്കണം. ശിശുസൗഹൃദ അന്തരീക്ഷത്തില്‍ ക്ലാസ് മുറികള്‍ മനോഹരമാക്കി വേണം വിദ്യാര്‍ഥികളെ വരവേല്‍ക്കേണ്ടത്. സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതിനൊപ്പം കുട്ടികളുടെ സാന്നിധ്യം ഉണ്ടാകുന്ന സ്ഥലങ്ങളിലെല്ലാം അണുനശീകരണം നടത്തണം. കോവിഡ് പെരുമാറ്റ രീതികള്‍ വിദ്യാര്‍ഥികളെ ഓര്‍മ്മപ്പെടുത്താന്‍ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അതിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്താനും നിര്‍മാണം നടക്കുന്ന വിദ്യാലയങ്ങളില്‍ തൊഴിലാളികളും കുട്ടികളും തമ്മില്‍ സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങളും ഉണ്ടാകണം.
സാമൂഹിക അകലം പാലിക്കേണ്ടുന്നതിന്റെ ഭാഗമായി ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരുത്താവൂ. അധികമായി വേണ്ടി വരുന്ന ബെഞ്ചുകള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രാ സൗകര്യം കുറവായ മേഖലകളില്‍ അധികമായി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു. ദേശസാത്കൃത റൂട്ടില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കായി യാത്രാ പാസുകള്‍ ലഭ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
ഡി.ഡി.ഇ കെ.വി.പുഷ്പ സകൂള്‍ തുറക്കല്‍ മാര്‍ഗരേഖ വിശദീകരിച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്‍മാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, തൊഴിലാളിയ യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date