Skip to main content

മയക്കുമരുന്നു ലഭ്യത പൂർണമായി ഇല്ലാതാക്കണം; വിവരം നൽകുന്നവരുട ഐഡന്റിറ്റി പൂർണ രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി

*നോ ടു ഡ്രഗ്സ് ക്യാംപെയിൻ രണ്ടാം ഘട്ടത്തിനു തുടക്കമായി

മയക്കുമരുന്നിനെതിരേ കേരളം നടത്തുന്ന നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിനു തുടക്കമായി. മയക്കുമരുന്നു മുക്തമായ കേരളമാണു ലക്ഷ്യമെന്നും ലഹരിക്കെതിരായ പോരാട്ടം നാടിന്റെ വർത്തമാനത്തേയും ഭാവിയേയും കരുതിയുള്ള ഇടപെടലാണെന്നും രണ്ടാം ഘട്ട ക്യാംപെയിനു തുടക്കമിട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികൾക്കായി മുഖ്യമന്ത്രി നൽകിയ സന്ദേശത്തോടെയാണു നോ ടു ഡ്രഗ്സ് രണ്ടാം ഘട്ടത്തിനു തുടക്കമായത്.

ലഹരിക്കെതിരായി കേരളം നടത്തുന്ന ക്യാംപെയിനിന്റെ ഒന്നാം ഘട്ടം വൻ വിജയമായിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മയക്കുമരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള ചില രീതികൾ ആദ്യ ഘട്ടത്തിൽ ശ്രദ്ധയിൽപ്പെട്ടിരുന്നു. മയക്കുമരുന്നിന്റെ ദൂഷ്യങ്ങൾക്ക് അടിപ്പെട്ടു പോയവരെക്കുറിച്ചുള്ള വിവരങ്ങളിൽ മൗനംപാലിക്കുന്നത് അവരെ കൂടുതൽ മോശം അവസ്ഥയിലേക്കു തള്ളിവിടാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെങ്കിലുംഅത് ഉപയോഗിക്കുന്നയാളെക്കുറിച്ചുള്ള വിവരം അധ്യാപകരേയോ മറ്റു കേന്ദ്രങ്ങളേയോ അറിയിക്കാതിരിക്കുന്നത് വലിയ തെറ്റാണെന്നതു വിദ്യാർഥികൾ ഉൾക്കൊള്ളണം. ലഹരിയുമായി ബന്ധപ്പെട്ട വിവരം കൊടുത്താൽ അതു താനാണു നൽകിയതെന്നതിലൂടെ ഇവരുടെ വിരോധം സമ്പാദിക്കേണ്ടിവരുമോയെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടപൂർണ രഹസ്യമായി ആ വിവരസ്രോതസ് സൂക്ഷിക്കും. വിവരങ്ങൾ കൊടുക്കുന്നയാളുടെ പേര് ഒരുതരത്തിലും പുറത്തുപോകില്ല.

സ്‌കൂൾ പരിസരങ്ങളിലും സ്‌കൂളിലേക്കുള്ള വഴിയിലും വാഹനങ്ങളിലും എവിടെയെങ്കിലും മയക്കുമരുന്നു വിൽപ്പനയോ കൈമാറ്റമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അതേക്കുറിച്ചും വിവരം കൈമാറാൻ തയാറാകണം. ഇതിനുള്ള ഫോൺ നമ്പറും മേൽവിലാസവും നോ ടു ഡ്രഗ്സ് ക്യാംപെയിനിന്റെ ഒന്നാം ഘട്ടത്തിൽ ലഭ്യമാക്കിയിരുന്നു. രണ്ടാം ഘട്ടത്തിലും അതു ലഭ്യമാക്കും. ഈ നമ്പറിൽ ബന്ധപ്പെടാൻ ഒട്ടും അമാന്തിക്കരുത്. മയക്കുമരുന്നിന്റെ ലഭ്യത ഇല്ലാതാക്കാൻ നിങ്ങൾ നൽകുന്ന വിവരങ്ങൾ പ്രധാനമാണെന്ന് ഓർക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ ഉതകുംവിധം വലിയ തോതിൽ കൗൺസിലിങ് സംഘടിപ്പിക്കും. ആവശ്യത്തിനു കൗൺസിലർമാരുടെ സേവനം ലഭ്യമാക്കും. ലഹരി മുക്തിക്കായി സംസ്ഥാന വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്നു ലഹരി വിരുദ്ധ സന്ദേശമടങ്ങിയ 'തെളിവാനം വരയ്ക്കുന്നവർഎന്ന പുസ്തകം തയാറാക്കിയിട്ടുണ്ട്. ഡിസംബർ നാലു മുതൽ 10 വരെയുള്ള മനുഷ്യാവകാശ വാരത്തോടനുബന്ധിച്ച് ഈ പുസ്തകം സ്‌കൂളുകളിൽ വായിക്കണം. കുട്ടികൾതന്നെയാണു വായിക്കേണ്ടത്.

നാടിന്റെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാവരും രണ്ടാം ഘട്ടത്തിന്റെയും ഭാഗമായി മാറണം. ഇതിൽ വിദ്യാർഥികൾക്ക് വളരെ പ്രധാന പങ്കാണു വഹിക്കാനുള്ളത്. ലോകമാകെ ഖത്തർ ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകപ്പ് ആവേശത്തിനൊപ്പം മയക്കുമരുന്നിനെതിരായ പോരാട്ടവും സംയോജിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി സംസ്ഥാനത്താകെ രണ്ടു കോടി ഗോൾ അടിക്കുന്ന പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ബസ് സ്റ്റാൻഡുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും തൊഴിൽശാലകളിലും ഐടി പാർക്കുകളിലും പൊതു ഇടങ്ങളിലുമെല്ലാം ഗോൾ അടിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. വിദ്യാർഥികൾ ഇതിൽ സജീവമായ പങ്കാളിത്തം വഹിക്കുകയും രണ്ടു കോടി ഗോൾ എന്നതിനപ്പുറത്തേക്ക് എത്തിക്കുന്നതിനു പരിശ്രമിക്കുകയും ചെയ്യണം.

വിദ്യാർഥികളിൽ അത്യപൂർവം ചിലർ മയക്കുമരുന്നിന് അടിപ്പെട്ടുപോയതായി ആദ്യ ഘട്ടത്തിൽ കണ്ടെത്താനായിട്ടുണ്ട്. അവരുടെ പേരുകൾ പരസ്യപ്പെടുത്താതെ ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകാൻ കഴിഞ്ഞു. ഇതുവഴി അത്തരത്തിലുള്ള കുട്ടികളെ തിരിച്ച് നല്ല ജീവിതത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് അഭിമാനപൂർവം പറയാൻ കഴിയും. രണ്ടാം ഘട്ട ക്യാംപെയിൻ ജനുവരി 26നു സമാപിക്കും. അതിനു ശേഷവും മയക്കുമരുന്നിനും ലഹരിക്കും എതിരായ ജനകീയ ക്യാംപെയിൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷതയും ശാസ്ത്രാവബോധവും വെല്ലുവിളിക്കപ്പെടുന്ന നാളുകളാണിത്. വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയ ചിന്തയും സാഹോദര്യവും സഹവർത്തിത്തവും വളർത്തിയെടുക്കാൻ കുട്ടികൾക്കു കഴിയണം. ഇത് ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയുടെ പുരോഗതിക്കു മാത്രമല്ലനിലനിൽപ്പിനുകൂടി അത്യന്താപേക്ഷിതമാണെന്നും വിദ്യാർഥികൾക്കുള്ള ശിശുദിന സന്ദേശമായി മുഖ്യമന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 5579/2022

date