Skip to main content

മാലിന്യസംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് (ശനി) കൊച്ചിയിൽ തുടക്കം

 

കേരളത്തെ സമ്പൂർണ മാലിന്യ വിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബൽ എക്സ്പോയ്ക്ക് ഇന്ന് (ശനി) എറണാകുളം മറൈന്‍ഡ്രൈവിൽ തുടക്കം. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്‌ഘാടനം നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ മന്ത്രി പി. രാജീവ്, ജർമ്മൻ കോൺസുലേറ്റ് ജനറൽ ആചിം ബർക്കാർട്ട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.ജെ. മാക്സി, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കർമ്മപദ്ധതി-2 കോർഡിനേറ്റർ ഡോ. ടി.എൻ.സീമ,  ചീഫ് സെക്രട്ടറി വി പി ജോയ്‌, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ശർമ്മിള മേരി ജോസഫ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരാകും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അധ്യക്ഷന്‍മാരും സ്ഥിരം സമിതി അധ്യക്ഷന്‍മാരും നിർവഹണ ഉദ്യോഗസ്ഥരും അടക്കം പത്ത് പ്രതിനിധികൾ വീതം സമ്മേളനത്തിൽ പങ്കെടുക്കും. മാലിന്യ സംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസിലാക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നടപ്പിലാക്കാൻ എക്സ്പോ സഹായകമാകും. 

മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിത വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉത്പന്നങ്ങളും അവതരിപ്പിക്കപ്പെടുന്ന 100ലേറെ സ്റ്റാളുകളാണ് എക്സ്പോയിൽ ഉണ്ടാവുക. മാലിന്യ സംസ്കരണ രംഗത്ത് ദേശീയ- അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കിയ മികച്ച മാതൃകകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാലിന്യ പരിപാലന മേഖലയിലെ വിദഗ്ദ്ധർ, വിവിധ അക്കാദമിക് സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിഷയമേഖലയിലെ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് 8 പാനൽ ചർച്ചകൾ, 7 സെമിനാറുകൾ, വിഷയവിദഗ്ദ്ധരുടെ 3 പ്രഭാഷണങ്ങൾ, ബിസിനസ് ടു ബിസിനസ്സ് മീറ്റ്, നോളജ് ഹബ്ബ് എന്നിവയും ഒരുക്കിയിട്ടുണ്ട്.  126 വിദഗ്ധരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുക. മികച്ച ആശയങ്ങളും, നൂതന സാങ്കേതിക വിദ്യകളും അവതരിപ്പിക്കാൻ നവ സംരംഭകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക്  അവസരമൊരുക്കുന്ന ഇന്നവേറ്റേഴ്സ് ഫോറമാണ് മറ്റൊന്ന്. 

അടുത്ത മൂന്നു വർഷത്തിനുള്ളിൽ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്‌. ഈ മേഖലയിൽ നൂതന സംഭരംഭങ്ങൾ മുഖേന 75000 തൊഴിൽ അവസരങ്ങൾക്കും വഴി തേടുന്നു.

date