Skip to main content

ദിവ്യ ഉണ്ണികൃഷ്ണന്‍ പട്ടികവര്‍ഗ്ഗ വകുപ്പ് അംബാസഡര്‍

മലപ്പുറം ജില്ലയിലെ പട്ടികവര്‍ഗ്ഗ വകുപ്പ് അംബാസഡറായി കുറുമ്പലങ്ങോട് കോലോംപാടം സ്വദേശിയായ കുമാരി  ദിവ്യ ഉണ്ണികൃഷ്ണനെ  മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പ്രഖ്യാപിച്ചു. 2019 വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യയെ  അനുമോദിക്കുന്നതിനായി നിലമ്പൂര്‍ ഐ.ജി.എം.എം. ആര്‍  സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്   കലക്ടര്‍ പ്രഖ്യാപനം നടത്തിയത്. പരേതനായ ഉണ്ണികൃഷ്ണന്‍ എന്ന പരമേശ്വരന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലീലയുടെയും മകളായ ദിവ്യ ഈ മേഖലയില്‍ നിന്നും മികച്ച വിജയം നേടിയ ആദ്യത്തെ വിദ്യാര്‍ഥിനിയാണ്.  സഹോദരി നിഷ  എസ്.ടി ഹെല്‍ത്ത്  പ്രമോട്ടര്‍ ആണ്. മറ്റൊരു  സഹോദരി ദീപ മലപ്പുറം ഗവ.  കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. സഹോദരന്‍ വിമല്‍ നിലമ്പൂരിലെ ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാനത്തു  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യ അഖിലേന്ത്യാതലത്തില്‍ 778 റാങ്ക് കാരിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് പഠനത്തിനായി  തെരഞ്ഞെടുത്തിട്ടുള്ളത്. വെല്ലുവിളികള്‍ക്കിടയില്‍ നിന്നും മികച്ച വിജയം കൈവരിച്ച ദിവ്യ സമൂഹത്തിന് മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു. ഇനിയും ഒരുപാട് മികച്ച പ്രതിഭകളെ ഈ മേഖലയില്‍ നിന്നും  കണ്ടെത്താന്‍ നമുക്ക് സാധിക്കണമെന്നും അതുകൊണ്ടാണ് ഇവരുടെ കൂട്ടത്തില്‍ തന്നെ ഒരാളെ അംബാസഡറായി  തെരഞ്ഞെടുത്തതെന്നും കളക്ടര്‍ പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു കൊണ്ടുള്ള  കത്ത് കളക്ടര്‍ ദിവ്യക്കു  കൈമാറി. ദിവ്യക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന ലാപ്‌ടോപ് കലക്ടര്‍ നല്‍കി. ക്യാഷ് അവാര്‍ഡ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അനുപം  മിശ്ര കൈമാറി. ഉപഹാരം അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി നല്‍കി. വിവിധ മേഖലയില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി. ശ്രീകുമാരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സൗത്ത് ഡി എഫ്.ഒ  സജികുമാര്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്‍ വേലുക്കുട്ടി, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ സബീര്‍, സ്‌കൂള്‍ പ്രധാന അധ്യാപിക. ആര്‍. സൗദാമിനി, സീനിയര്‍ സൂപ്രണ്ട് സുബ്രഹ്മണ്യന്‍, സ്റ്റാഫ് സെക്രട്ടറി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. ദിവ്യ ഉണ്ണി കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

 

date