Skip to main content

അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി ഒന്നാം വാര്‍ഷികം ഓഗസ്റ്റ് രണ്ടിന്: സ്വാഗത സംഘം രൂപീകരിച്ചു

 

അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി ഒന്നാം വാര്‍ഷികം ഓഗസ്റ്റ് രണ്ടിന് അഗളി ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. ടൗണ്‍ ഹാളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററിക്കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. സഹകരണം, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷനാവും. പരിപാടിയില്‍ എം.എല്‍.എ.മാരായ അഡ്വ.എന്‍. ഷംസുദ്ദീന്‍, പി.കെ. ശശി, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. പി.കെ.ജയശ്രീ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് രണ്ട് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. അട്ടപ്പാടിയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആരോഗ്യ സംരക്ഷണവും ആവശ്യമായ പോഷകാഹാരവും ലഭ്യമാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ആരോഗ്യമുളള ജനതയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പും ഇ.എം.എസ് സഹകരണ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി.  

പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി.കെ. ശശി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ സ്വാഗത സംഘം ചെയര്‍മാനായും, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറായും കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത, സൂപ്പര്‍ സ്‌പെഷ്യാലിറ്റി രോഗ ചികിത്സ, ആദിവാസി മേഖലയില്‍ മെഡിക്കല്‍ ക്യാമ്പുകളും, ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും, രോഗപ്രതിരോധ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഇതുവരെ 2453 രോഗികള്‍ക്ക് പെരിന്തല്‍മണ്ണ ഇ.എം.എസ്.  സഹകരണ ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ മൂന്ന് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. 

date