Skip to main content

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്യുവർ വാട്ടർ' പദ്ധതി

 

കാക്കനാട്: ജില്ലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്യുവർ വാട്ടർ'  കർമ്മപദ്ധതി രൂപീകരിക്കാൻ  നിയമസഭ സമിതി നിർദ്ദേശിച്ചു.   പാറമടകളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ.രാമചന്ദ്രൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കാനെത്തിയ, ഹരജികൾ സംബന്ധിച്ച സമിതിയുടേതാണ് തീരുമാനം.  കെ.ബി.ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി കളക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി - സന്നദ്ധ സംഘടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു.  ജില്ലാ കളക്ടർക്കാണ് നിർവഹണച്ചുമതല.  പോലീസ്, മോട്ടോർ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പാറമടകളിൽ നിന്നും ടാങ്കർലോറികളിൽ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു.  വാട്ടർ അതോറിറ്റിയുടെ ഹൈഡ്രൻറുകളിൽ നിന്നു മാത്രമേ വിതരണത്തിനുള്ള കുടിവെള്ളം ശേഖരിക്കാവൂ.  ഇത് പ്രാബല്യത്തിൽ വരുന്നതുവരെ 15 ദിവസം കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കാൻ സമിതി അനുമതി നൽകി.  

 കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ:

 ടാങ്കർ അല്ലെങ്കിൽ മിനി ലോറികളിൽ കൊണ്ടു പോകുന്ന ശുദ്ധജലം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോലീസോ തടയാൻ പാടില്ലെന്ന നിലവിലെ ഉത്തരവ് പിൻവലിക്കും.  

ഉപഭോക്താക്കൾക്ക് ആവശ്യമായ ജലം വാട്ടർ അതോറിറ്റി തന്നെ വിതരണം ചെയ്യണം.

 ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടു പോകുന്നതിനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രകാരമുള്ള ലൈസൻസ് എടുക്കാത്ത വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം. 

 ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ള വിതരണം നടത്തണം.  

 ജലവിതരണത്തിനുള്ള ടാങ്കർ ലോറികൾ  കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം. 

കുടിവെള്ള വിതരണ ടാങ്കറുകളിൽ കുടിവെള്ളമെന്നും മറ്റാവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യവും രേഖപ്പെടുത്തുകയും ടാങ്കറുകൾക്ക് പ്രത്യേക നിറം നൽകുകയും വേണം. 
 കുടിവെള്ള ടാങ്കറിന് ഉൾവശത്ത് ഇ.പി.ഐ കോട്ടിംഗ് നിർബന്ധമാണ്.  

നിർവ്വഹണ  ഉദ്യോഗസ്ഥരടങ്ങിയ സംഘം    ജലവിതരണം നിരീക്ഷിക്കുകയും കളക്ടർക്ക് മാസം തോറും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം.   
 പരിശോധന നടത്തുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും സംബന്ധിച്ച് ജില്ലാ കളക്ടർ ജാഗ്രത പുലർത്തണം.   ലംഘനമുണ്ടായാൽ  കർശന നടപടി സ്വീകരിക്കണം.

വിതരണം ചെയ്യുന്ന ജലം സർക്കാർ അംഗീകൃത ലാബുകളിൽ കൃത്യമായ ഇടവേളകളിൽ  പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണം. 

വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോയെന്ന് ലീഗൽ മെട്രോളജി വകുപ്പ് പരിശോധിക്കുകയും ജല അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. 

 സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളിൽ ജി.പി.എസ് നിർബന്ധമാക്കണം. 

 പാറമടകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും മലിനജലം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ഫുഡ് സേഫ്റ്റി സ്ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തണം. 

കുടിവെള്ളം നിർമ്മാണ ആവശ്യത്തിന്  വിതരണം ചെയ്യാൻ പാടില്ല. 

 കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ കളക്ടർക്ക് നേരിട്ട് സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകണം. 

 സ്വകാര്യ ടാങ്കർ ലോറികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജലചൂഷണം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.

   കുടിവെള്ളം നിറച്ച ശേഷം  വാട്ടർ അതോറിറ്റി സീൽ ചെയ്ത് ബില്ലു നൽകിയ ശേഷമേ  ടാങ്കറുകൾ അയക്കാവൂ. ഇത് ഗുണഭോക്താവിന് പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. 

വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളുടെ നിറം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യമായി പാലിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. മലിനജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് ബ്രൗൺ നിറവും ശുചിമുറി മാലിന്യം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് മഞ്ഞ നിറവും  ശുദ്ധജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് നീല നിറവുമാണ് നൽകേണ്ടത്.    വെള്ളം നിറച്ചു കൊടുക്കുന്നതിനായി കൂടുതൽ ഹൈഡ്രൻെറുകൾ സ്ഥാപിക്കാനുള്ള സംവിധാനം വാട്ടർ അതോറിറ്റി തയാറാക്കണമെന്നും സമിതി നിർദ്ദേശിച്ചു. 
നിയമസഭാ സമിതി അംഗങ്ങളും 
എംഎൽഎമാരുമായ പി.ഉബൈദുള്ള, വി.പി.സജീന്ദ്രൻ, ഒ.രാജഗോപാൽ, സി.മമ്മൂട്ടി, ആർ.രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഐ.ജി. വിജയ് സാക്കറേ, ഡി സി പി ജി. പൂങ്കുഴലി, എഡിഎം കെ .ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ,  വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date